ദുബായ്: സ്കൂൾ കാമ്പസിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം എടുത്ത് ഷെയർ ചെയ്തതിന് സഹപ്രവർത്തകന് ദുബായ് കോടതി 2000 ദിർഹം പിഴ ചുമത്തി. ദുബായിലെ ഒരു സ്വകാര്യ സ്കൂളിൽ ക്ലാസുകൾക്കിടയിലെ ഇടവേളയ്ക്കിടെ അധ്യാപകരുടെ വിശ്രമമുറിയിൽ മയങ്ങി കിടക്കുന്ന അധ്യാപികയുടെ ചിത്രം സഹപ്രവർത്തകനായ ജീവനക്കാരൻ മൊബൈലിലൂടെ പകർത്തി വാട്സ്ആപ്പ് വഴി സ്കൂൾ അധികൃതർക്ക് കൈമാറുകയായിരുന്നു.
അധ്യാപികയുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാമായിരുന്നു. എന്നാൽ തന്റെ ചിത്രം പകർത്തിയതറിഞ്ഞ അധ്യാപിക സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് സഹപ്രവർത്തകനെതിരെ പരാതി നൽകുകയും നിയമനടപടി ആരംഭിക്കും ചെയ്തു. പ്രതി സാഹചര്യം മുതലെടുത്ത് തന്നെ അപമാനിക്കാനായി മന:പൂർവം ചെയ്തതാണെന്നും അധ്യാപിക കോടതിയിൽ വാദിച്ചു. തുടർന്ന് അധ്യാപികയുടെ സ്വകാര്യത ലംഘിച്ചതിന് ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ യുഎഇയിൽ കർശന നിയമങ്ങളുണ്ട്. ദോഷം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ എടുക്കൽ, ഷെയർ ചെയ്യൽ അല്ലെങ്കിൽ പ്രസിദ്ധീകരിക്കൽ എന്നിവയെല്ലാം കുറ്റങ്ങളായി കണക്കാക്കും.