അബുദാബി– അബുദാബിയിൽ നടക്കുന്ന ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി. കൊച്ചി ജില്ല ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്‌ടറായ എ.എം. നസീറാണ് ജുഡോയിൽ 50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. മുമ്പ് ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജുഡോ ചാമ്പ്യൻഷിപ്പിൽ നസീർ സ്വർണ മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അബുദാബിയിൽ വെച്ച് നടന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് യോഗ്യത ലഭിച്ചത്. അബുദാബി സായിദ് സ്പോർട്‌സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
നായരമ്പലം സ്വദേശിയായ നസീർ അഴിവേലിക്കകത്ത് മമ്മുവിൻ്റെ മകനാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക പരിശീലനം മുടക്കാത്ത അദ്ദേഹം 14 വർഷമായി നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജുഡോ പരിശീലനം നൽകി വരുന്നുണ്ട്



