അബുദാബി– അബുദാബി പോലിസിൻ്റെ സമയോചിതമായ ഇടപെടൽ മൂലം നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ കിട്ടിയ ആശ്വാസത്തിലാണ് കോഴിക്കോട് ഫാറൂഖ് സ്വദേശിയും അബുദാബിയിൽ ബിസിനസ്സുകാരനുമായ ശരീഫ് ചിറക്കൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു യാത്രക്കിടയിൽ കാറിൻ്റെ ടയറിലെ കാറ്റ് പരിശോധിക്കാനായി പുറത്തിറങ്ങിയ അദ്ദേഹം പരിശോധന കഴിഞ്ഞ് ഫോൺ കാറിൻ്റെ ബോണറ്റിൽ മറന്ന് വെച്ച് യാത്ര തുടർന്നത്.
ഇതിനിടയിൽ റോഡിൽ വീണ ഫോണിലൂടെ നിരവധി വാഹനങ്ങൾ കയറിയിറങ്ങി. റോഡിൽ വീണ് കിടക്കുന്ന ഫോൺ കണ്ട മറ്റൊരു യാത്രക്കാരൻ ഫോണെടുത്ത് സൂക്ഷിച്ച് വെച്ചു.
തിങ്കളാഴ്ച രാവിലെ 9 ന് അബുദാബി പോലീസിൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകി. പതിനൊന്ന് മണിക്ക് പോലിസ് ശരീഫിനേയും കൂട്ടി ഫോൺ നഷ്ടപെട്ടു പോയ സ്ഥലവും പരിസര പ്രദേശവും നിരീക്ഷണം നടത്തി തിരിച്ച് പോയി. രാത്രി 12 മണിയോട് കൂടി ശരീഫിനെ തേടി ആ സന്തോഷ വാർത്ത വന്നു. ഫോൺ കണ്ടെത്തിയെന്നും വന്ന് കൈപ്പറ്റണമെന്നുമാണ് പോലിസ് അറിയിച്ചത്.


“എന്റെ നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ സഹായിച്ചതിന് അബുദാബി പോലീസിനോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. താമസക്കാരെയും സന്ദർശകരെയും ഒരുപോലെ സഹായിക്കുന്നതിൽ നിങ്ങൾ കാണിച്ച സമർപ്പണത്തെയും സമയബന്ധിതമായ നടപടിയെയും ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. നിങ്ങളുടെ പിന്തുണ എന്റെ ഡാറ്റ തിരികെ ലഭിക്കുന്നത് വളരെ എളുപ്പമാക്കി, നിങ്ങളുടെ ശ്രമങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്. അഗാധമായ നന്ദിയും ബഹുമാനവും അറിയിക്കട്ടെ, നിങ്ങൾക്ക് അഭിനന്ദനങ്ങൾ.ഒരു ദിവസത്തെ മാനസികസംഘർഷത്തിന് വിരാമമായതോടെ സോഷ്യൽ മീഡിയയിലൂടെ ശരീഫ് കുറിച്ചത് ഇങ്ങനെയായിരുന്നു.