ജിദ്ദ– മലയാളത്തിൻറെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറിൻറെ ഓർമയ്ക്കായി മലയാളം മിഷൻ എല്ലാ വർഷവും ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരമായ “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൻറെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അൻസ്റ്റിയ മരിയ (അൽ ഖസീം) ഒന്നാം സ്ഥാനവും അബ്ദുൽ ഹമീസ് (ദമാം) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രൻ (നജ്‌റാൻ) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ തീർത്ഥ പി.എസ് (ജിസാൻ), ഖദീജ താഹ (ജിസാൻ), ഗൗരി നന്ദ (ദമാം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരുങ്കലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രവാസി മലയാളികളുടെ പുതുതലമുറയിൽ മാതൃഭാഷ പ്രചാരണത്തിൻറെ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനും മാതൃഭാഷ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്‌റാൻ, അബഹ, ജിസാൻ എന്നീടങ്ങളിൽ നടത്തിയ മേഖല തല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പ്രമുഖ മലയാള കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒ.എൻ.വി കുറുപ്പിന്റെ കവിതകളാണ് മത്സരാർത്ഥികൾ ഇത്തവണ ചൊല്ലിയത്.
പ്രശസ്‌ത കവി രാജൻ കൈലാസ് കാവ്യാലാപന പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി കവിതയും ജീവിതവും കൊണ്ട് മഹത്തായ പോരാട്ടങ്ങൾ നടത്തിയ മലയാളത്തിൻറെ മാതൃസ്വരമായിരുന്ന സുഗതകുമാരി ടീച്ചർക്ക് നൽകുന്ന ഏറ്റവും ധന്യമായ കൃതജ്ഞതവും ആദരവുമാണ് മലയാളം മിഷൻറെ ആഗോള കാവ്യാലാപന മത്സരമെന്ന് അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കവികളും എഴുത്തുകാരുമായ സബീന.എം.സാലി, നീതു കുറ്റിമാക്കൽ, ശിവപ്രസാദ് പാലോട് എന്നിവർ വിധികർത്താക്കളായിരുന്നു. പ്രവാസി മലയാളി കുട്ടികളിൽ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ നടത്തുന്ന വിവിധ സാംസ്‌കാരിക -ഭാഷാ പരിപാടികളായ കാവ്യാലാപന മത്സരം, കഥാ വായന, പ്രസംഗം, ചിത്ര രചന, സഹവാസ ക്യാമ്പുകൾ എന്നിവയുടെ പ്രസക്തിയും പ്രാധാന്യവും ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വിശദീകരിച്ചു. ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത്, കൺവീനർ ഡോ.ഷിബു തിരുവനന്തപുരം, വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, ലോക കേരള സഭ അംഗം കെ .ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ, വിദഗ്‌ധ സമിതി വൈസ് ചെയർമാൻ ഡോ.രമേശ് മൂച്ചിക്കൽ എന്നിവർ സംസാരിച്ചു.
കാവ്യാലാപന മത്സരം മികച്ച നിലവാരം പുലർത്തിയതായും, അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്‌ദ പ്രകടനം, അർത്ഥം, ആശയം ഇവയുടെ സ്പഷ്‌ടീകരണം എന്നീ മത്സര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതായും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളിൽ നിന്നും അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിൻറെ മൂല്യനിർണ്ണയത്തിൽ വെല്ലുവിളി ഉയർത്തിയതായും വിധികർത്താക്കൾ പറഞ്ഞു.
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രം നൽകുകയും മലയാളം മിഷൻറെ ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസും അറിയിച്ചു. മലയാളം മിഷൻ മേഖല കോഓർഡിനേറ്റർമാരായ ഡോ. രമേശ് മൂച്ചിക്കൽ, അനു രാജേഷ് , ഷാനവാസ് കളത്തിൽ, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ, കെ. ഉണ്ണികൃഷ്ണൻ, വി.കെ.ഷഹീബ എന്നിവർ നേതൃത്വം നൽകി.
മലയാളം മിഷൻ കേന്ദ്ര ഓഫീസിൻറെ നേതൃത്വത്തിൽ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൻറെ ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനൽ മത്സരത്തിൻറെ വിധിനിർണയിക്കുന്നത്.