ദുബൈ – യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ബാങ്കിന്റെ പ്രമോട്ടർമാരായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയേയും ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയേയും തെരഞ്ഞെടുത്തു. 55 % ഓഹരി പങ്കാളിത്തമുള്ള അബുദാബിയിലെ അൽ ഹൈൽ ഹോൾഡിങ്സ്, 10 % ഓഹരി പങ്കാളിത്തമുള്ള എമിറേറ്റ്സ് എൻബിഡി,ഫ്രാങ്ക്ളിൻ ടെമ്പിൾടണിന്റെ കീഴിൽ വരുന്ന ടെമ്പിൾടൺ ഇന്റർനാഷനൽ എന്നിവരാണ് കമ്പനിയുടെ മറ്റു പ്രമോട്ടർമാർ.
എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപകനും ഓൺലൈൻ കമ്പനിയായ നൂണിന്റെ ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ബാങ്കിൻ്റെ ചെയർമാൻ. സാൻഡ് ബാങ്ക് അടുത്ത മൂന്നു വർഷത്തിനകം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ആഫ്രിക്കയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ബാങ്കുകൾ ഉൾപ്പെടെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങൾ സാൻഡ് ബാങ്കുമായി സഹകരിക്കാൻ സന്നിദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് മൈക്കൻ ചാൻ പറഞ്ഞു.



