കുവൈത്ത് സിറ്റി: കോടതി വധശിക്ഷ വിധിച്ച ഭീകരൻ ഹസൻ അബ്ദുൽ ഹാദി അലി ഹാജിയയുടെ കുവൈത്ത് പൗരത്വം റദ്ദാക്കി അധികൃതർ ഉത്തരവിറക്കി. അൽഅബ്ദലി ഭീകര സംഘവുമായി ബന്ധപ്പെട്ട കേസിൽ 2016 ആദ്യത്തിൽ ആണ് ഹസൻ ഹാജിയക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ഈ വിധി 2016 ജൂലൈ 21ന് അപ്പീൽ കോടതി ശരിവെച്ചു.
എന്നാൽ 2017-ൽ അപ്പീൽ കോടതി വിധി പരമോന്നത കോടതി റദ്ദാക്കുകയും പകരം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തൽ, ദേശീയ ഐക്യത്തിന് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്തൽ എന്നീ കുറ്റങ്ങളിലാണ് ഹസൻ ഹാജിയയെ പരമോന്നത കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ മറ്റു പ്രതികളായ 15 പേരും ഇതേ ആരോപണങ്ങൾ നേരിട്ടു. ഏതാനും തടവുകാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളോടെ കുവൈത്ത് അമീർ നൽകിയ മാപ്പിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ഹസൻ ഹാജിയ ജയിൽ മോചിതനാവുകയായിരുന്നു.
അതിനിടെ, അനധികൃതമായി കുവൈത്ത് പൗരത്വം തരപ്പെടുത്തിയതായി കണ്ടെത്തിയ 167 പേരുടെ കൂടി പൗരത്വം റദ്ദാക്കി, ഇത്തരം കേസുകൾ അന്വേഷിക്കാൻ സ്ഥാപിച്ച സുപ്രീം കമ്മിറ്റി രണ്ടു പുതിയ ഉത്തരവുകളിറക്കി. 166 വനിതകളുടെയും ഒരു പുരുഷന്റെയും പൗരത്വമാണ് റദ്ദാക്കിയിരിക്കുന്നത്. ഇവർക്ക് പൗരത്വം ലഭിച്ചതിന്റെ ഫലമായി കുവൈത്ത് പൗരത്വം ലഭിച്ച മക്കളുടെയും പേരമക്കളുടെയും മറ്റും പൗരത്വവും റദ്ദാക്കിയിട്ടുണ്ട്.