കുവൈത്ത് സിറ്റി – വ്യാജ രേഖകൾ നിർമിച്ചും കൃത്രിമങ്ങളിലൂടെയും കുവൈത്ത് പൗരത്വം നേടിയ കേസുകൾ കണ്ടെത്താനുള്ള അന്വേഷണങ്ങൾക്കിടെ 48 വർഷം മുമ്പ് നടന്ന ഞെട്ടിക്കുന്ന തട്ടിപ്പ് അധികൃതർ കണ്ടെത്തി. 1977 ൽ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് വിഭാഗത്തിൽ കുവൈത്ത് പൗരത്വം ലഭിച്ച സിറിയക്കാരനാണ് തട്ടിപ്പ് നടത്തിയത്. സിറിയൻ പൗരനാണെന്ന കാര്യം മറച്ചുവെച്ച് ബെദൂയിനാണെന്ന് അവകാശപ്പെട്ടാണ് ഇദ്ദേഹം പൗരത്വം നേടിയത്. തന്റെ മക്കളെ സാധാരണ രീതിയിൽ തന്റെ ഫയലിൽ ഇദ്ദേഹം രജിസ്റ്റർ ചെയ്തു. എന്നാൽ നിയമവിരുദ്ധമായി പൗരത്വം നേടുന്നതിന് സഹോദരിയെ കൂടി മകളായി രജിസ്റ്റർ ചെയ്തു.
ഇയാൾക്ക് കുവൈത്തിൽ താമസിക്കുന്ന മറ്റ് രണ്ട് സിറിയൻ സഹോദരിമാരുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരം പൗരത്വ വകുപ്പിന് ലഭിച്ചു. തുടർന്ന് രണ്ട് സിറിയൻ സഹോദരിമാരും കുവൈത്ത് പൗരത്വം നേടിയ സിറിയക്കാരന്റെ മകൾ എന്നോണം രജിസ്റ്റർ ചെയ്ത സ്ത്രീയും അടക്കം മൂന്ന് പേരെ അധികൃതർ പിടികൂടി ഡി.എൻ.എ പരിശോധനക്ക് വിധേയരാക്കി. മൂന്നു പേരും സഹോദരിമാരാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
രേഖയിൽ മകൾ എന്ന് രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ത്രീ പൗരത്വം നേടിയ വ്യക്തിയുടെ മകളല്ല, മറിച്ച് അദ്ദേഹത്തിന്റെ സഹോദരിയാണെന്ന് ഇത് വ്യക്തമാക്കി. പൗരത്വം നേടിയ സിറിയക്കാരന്റെ മക്കളുടെ ഡി.എൻ.എയും പരിശോധിച്ചു. മകൾ ആയി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ത്രീയും ഇദ്ദേഹത്തിന്റെ മക്കളും തമ്മിൽ ജനിതക ബന്ധമില്ലെന്ന് ഈ പരിശോധനയും സ്ഥിരീകരിച്ചു.
കുവൈത്ത് പൗരത്വം ലഭിച്ചപ്പോൾ ഇദ്ദേഹം തന്റെ സിറിയൻ പൗരത്വം മറച്ചുവെച്ചതായി അന്വേഷണങ്ങൾ വെളിപ്പെടുത്തി. ഇത് ഇദ്ദേഹത്തിന്റെ മുഴുവൻ ഫയലിലും സംശയം ജനിപ്പിക്കുന്നു. മകളായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ത്രീയുടെ പൗരത്വം റദ്ദാക്കുന്നതിലേക്കാണ് നിയമപരമായ കാര്യങ്ങൾ നീങ്ങുന്നത്. തെറ്റായ വിവരങ്ങൾ ഉപയോഗിച്ചാണ് കുവൈത്ത് പൗരത്വം നേടിയതെന്ന് തെളിയിക്കപ്പെട്ടതിനാൽ സിറിയക്കാരന്റെ പൗരത്വവും റദ്ദാക്കാനിടയുണ്ട്. മക്കളും പേരമക്കളുമായി ഇദ്ദേഹത്തിന്റെ 62 ആശ്രിതർക്കും ഭാര്യക്കും പൗരത്വം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെടുകയാണെങ്കിൽ 63 പേരുടെയും കുവൈത്ത് പൗരത്വം നഷ്ടപ്പെടും.



