കുവൈത്ത് സിറ്റി – ഒമാനികൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ഇമാമിനെ പുറത്താക്കി കുവൈത്ത്. മസ്ജിദ് ചാര്‍ട്ടറും ബന്ധപ്പെട്ട നിര്‍ദേശങ്ങളും ലംഘിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇമാം, ഖത്തീബ് ജോലികളില്‍ നിന്ന് സാലിം അല്‍ത്വവീൽ എന്ന പണ്ഡിതനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് എന്ന് കുവൈത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന് അനുവദിച്ച ഭവന യൂണിറ്റ് 2025 ഓഗസ്റ്റ് 12 മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിയണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മതപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് താമസ സൗകര്യം അനുവദിക്കുന്നത് സംബന്ധിച്ച 2023 ലെ 269-ാം നമ്പര്‍ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് സാലിം അല്‍ത്വവീലിന് അയച്ച കത്തില്‍ മന്ത്രാലയം വിശദീകരിച്ചു.
അഹ്മദി ഗവര്‍ണറേറ്റിലെ ഹദിയ പ്രദേശത്തുള്ള സഖര്‍ അല്‍സഖര്‍ മസ്ജിദിലെ ഖത്തീബായ സാലിം അല്‍ത്വവീല്‍ ഒരു വിഭാഗത്തെ ആവര്‍ത്തിച്ച് വിമര്‍ശിച്ചത് ഒമാനില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സാലിം അല്‍ത്വവീലിന്റെ ആരോപണങ്ങള്‍ വ്യാജവും തികച്ചും വാസ്തവ വിരുദ്ധവും ആണെന്ന് ഒമാനികള്‍ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group