കുവൈത്ത് സിറ്റി – കുവൈത്തില്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ആദില്‍ അല്‍സാമില്‍ പറഞ്ഞു. ഇതേ കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനും വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിത ഉപഭോഗം തടയാനും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്.
പഠനം പൂര്‍ത്തിയാക്കാനുള്ള സമയപരിധിയോ വൈദ്യുതി, ജല നിരക്കുകളുടെ വര്‍ധനവിന്റെ വ്യാപ്തിയോ ആദില്‍ അല്‍സാമില്‍ വ്യക്തമാക്കിയിട്ടില്ല. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉല്‍പാദനച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജുകളേക്കാള്‍ വളരെ കൂടുതലാണ്. 1,000 മെഗാവാട്ട് മുതല്‍ 1,500 മെഗാവാട്ട് വരെ വൈദ്യുതി സംഭരണ ശേഷിയില്‍ പവര്‍ സ്റ്റോറേജ് ബാറ്ററി പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി 2027 ല്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്ന വേനല്‍ക്കാലത്ത് അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് ഗള്‍ഫ് പവര്‍ ഗ്രിഡുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഉപഭോഗ വര്‍ധനവ് നേരിടാന്‍ ഇറക്കുമതി ശേഷി വര്‍ധിപ്പിക്കാനായി ഗള്‍ഫ് പവര്‍ ഗ്രിഡുമായുള്ള പുതിയ ലിങ്ക് ഈ മാസാവസാനം മന്ത്രാലയം പൂര്‍ത്തിയാക്കും. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് പവര്‍ ഗ്രിഡ് വഴി കുവൈത്ത് ഏകദേശം 1,000 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്തു. ഇത് രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉപഭോഗം നിറവേറ്റാന്‍ പര്യാപ്തമായിരുന്നു. പ്രാദേശിക വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും കുവൈത്ത് നടപ്പാക്കുന്നുണ്ടെന്ന് ആദില്‍ അല്‍സാമില്‍ പറഞ്ഞു.



