കുവൈത്ത് സിറ്റി: രാജ്യത്തോടുള്ള കൂറിന് കോട്ടം തട്ടിക്കുന്ന നിലക്ക് ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച 38 പേരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി. ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫിന്റെ അധ്യക്ഷതയിര്‍ ചേര്‍ന്ന, അനധികൃതമായി പൗരത്വം സമ്പാദിച്ചവരുടെ കേസുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി യോഗമാണ് ഇവരുടെ പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഉസൂദുല്‍ ജസീറ ഭീകര സംഘടനയില്‍ പെട്ട അഞ്ചു പേരുടെയും ഹിസ്ബുല്ലക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലെ 11 പ്രതികളുടെയും അല്‍അബ്ദലി ഭീകര സംഘത്തില്‍ പെട്ട 22 പേരുടെയും പൗരത്വമാണ് റദ്ദാക്കിയത്.
അല്‍ഖാഇദയുമായി അടുത്ത ബന്ധമുള്ള ഉസൂദുല്‍ ജസീറ സംഘടനയെ രാജ്യത്ത് സായുധാക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് 2005 ലാണ് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയത്. കുവൈത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ച അല്‍അബ്ദലി സംഘത്തെ 2015 ല്‍ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഈ കേസിലെ മുഖ്യപ്രതിയായ ഹസന്‍ ഹാജിയക്ക് 2016 ല്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. അതേ വര്‍ഷം ജൂലൈയില്‍ വിചാരണ കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. എന്നാല്‍ 2017 ല്‍ പരമോന്നത കോടതി, അപ്പീല്‍ കോടതി വിധി റദ്ദാക്കുകയും ഹസന്‍ ഹാജിയയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ദേശീയൈക്യത്തിനും അഖണ്ഡതക്കും കോട്ടം തട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തുകയും ചെയ്തെന്ന ആരോപണങ്ങളിലാണ് ഹസന്‍ ഹാജിയയെ പരമോന്നത കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു പതിനഞ്ചു പ്രതികളും ഇതേ ആരോപണങ്ങള്‍ നേരിട്ടു. അല്‍അബ്ദലി സംഘത്തെ സഹായിച്ച കേസിലെ 20 പ്രതികളെ പൊതുമാപ്പിനെ തുടര്‍ന്ന് 2021 നവംബര്‍ 14 ന് ആഭ്യന്തര മന്ത്രാലയം ജയിലില്‍ നിന്ന് വിട്ടയച്ചു. കേസിലെ മുഖ്യ പ്രതിയായ ഹസന്‍ ഹാജിയക്ക് പൊതുമാപ്പ് ലഭിച്ചിരുന്നില്ല.
സിറിയയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ഏഴു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കുവൈത്തി പൗരന്‍ ശാഫി അല്‍അജമിക്കും അല്‍അബ്ദലി ഭീകര സംഘത്തിലെ മുഖ്യപ്രതിയായ ഹസന്‍ ഹാജിയക്കും മാപ്പ് നല്‍കാനുള്ള തീരുമാനം 2023 നവംബര്‍ 17 ന് കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഹസന്‍ ഹാജിയയുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയുള്ള ഉത്തരവവ് 2024 നവംബര്‍ രണ്ടിന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ഹിസ്ബുല്ലക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ പതിമൂന്നു കുവൈത്തികളെ 2021 നവംബറിലാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ലെബനോനിലെ ഹിസ്ബുല്ലയുമായി ബന്ധമുള്ള സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ നേരിട്ടത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ മുപ്പതു വര്‍ഷമായി ചാരിറ്റബിള്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതായും ഈ കമ്മിറ്റി ലെബനോനിലും മറ്റു രാജ്യങ്ങളിലും അനാഥ കുട്ടികളുടെ സംരക്ഷണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വാദിച്ചു. 2023 മാര്‍ച്ച് ഏഴിന് പതിമൂന്നു പ്രതികളെയും ക്രിമിനല്‍ കോടതി കുറ്റവിമുക്തരാക്കി.
എന്നാല്‍ ഈ മാസം 13 ന് പതിമൂന്നു പേരെയും പരമോന്നത കോടതി മൂന്നു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. ഈ കേസിലെ അന്തിമ വിധിയായി ഇത് മാറി. ഹിസ്ബുല്ലക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ചാരിറ്റബിള്‍ സൊസൈറ്റി വഴി സംഭാവനകള്‍ ശേഖരിച്ചെന്ന ആരോപണത്തിലാണ് പ്രതികളെ പരമോന്നത കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി ആകെ 2.7 കോടി കുവൈത്തി ദീനാര്‍ (8.7 കോടി ഡോളര്‍) പരമോന്നത കോടതി പിഴ ചുമത്തുകയും ചെയ്തു.