കുവൈത്ത് സിറ്റി- പ്രവാസികള്‍ക്കുള്ള ഫാമിലി വിസിറ്റ് വിസകള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പോലെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. എല്ലാ പ്രവാസികള്‍ക്കും ശമ്പള പരിധി വ്യവസ്ഥയില്ലാതെ അവരുടെ കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഫാമിലി വിസകളുടെ സാധുത ഒരു മാസം മാത്രമായി തുടരുമെന്നും അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് ഫാമിലി വിസിറ്റ് വിസകള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പോലെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെന്ന് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഇലക്‌ട്രോണിക് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി അറിയിച്ചത്.
സിംഗിള്‍ എന്‍ട്രി ഫാമിലി വിസകള്‍ ഒരു മാസത്തേക്കോ രണ്ട് മാസത്തേക്കോ മൂന്ന് മാസത്തേക്കോ ആകാം. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളും ലഭിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ കുവൈത്തിലെ താമസം ഒരു തവണ ഒരു മാസത്തില്‍ കൂടരുതെന്ന് വ്യവസ്ഥയുണ്ട്.
സാധുവായ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള എല്ലാ പ്രവാസികള്‍ക്കും ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുമെന്ന് ചൊവ്വാഴ്ച കുവൈത്ത് അറിയിച്ചു. ഭാര്യമാരെയും കുട്ടികളെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ഭൂരിഭാഗം പ്രവാസികളെയും പരിമിതപ്പെടുത്തുന്ന ശമ്പള പരിധി വ്യവസ്ഥ നിര്‍ത്തലാക്കിയിട്ടുണ്ട്. ബന്ധുക്കളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുവൈത്ത് വിസ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായോ സാധാരണ നിലയിലോ അപേക്ഷിക്കാവുന്നതാണ്.
ഭാര്യമാര്‍, മക്കള്‍, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, സഹോദരീസഹോദരന്മാര്‍, മരുമക്കള്‍, മുത്തച്ഛന്മാര്‍, മുത്തശ്ശിമാര്‍, അപേക്ഷകരുടെയും അവരുടെ ഭാര്യമാരുടെയും പേരക്കുട്ടികള്‍ തുടങ്ങി നിരവധി പേരെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ഇനി മുതല്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കും. അപേക്ഷകരുടെയും ഭാര്യമാരുടെയും പിതാവിന്റെ രണ്ടാം ഭാര്യ, മകന്റെ ഭാര്യ, മകളുടെ ഭര്‍ത്താക്കന്മാര്‍, സമാന ബന്ധുക്കള്‍ എന്നിവര്‍ക്കും ഫാമിലി വിസിറ്റ് ലഭിക്കും.
മിക്ക അപേക്ഷകള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ആവശ്യമുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ ബന്ധം സ്ഥാപിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എല്ലാ രേഖകളും അറബിയിലായിരിക്കണമെന്നും മറ്റ് ഭാഷകളിലുള്ള രേഖകള്‍ അംഗീകൃത ഓഫീസുകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി പറഞ്ഞു. അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പ്രവേശനം നിരോധിച്ചിരിക്കുന്ന ഇസ്രായിലി പൗരന്മാര്‍ ഒഴികെ എല്ലാ രാജ്യക്കാര്‍ക്കും എല്ലാത്തരം വിസകളും അനുവദിക്കുമെന്നും കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി പറഞ്ഞു.