കുവൈത്ത് സിറ്റി – കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ എം.പിയും മുന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായ മുഹമ്മദ് അല്‍മുതൈറിന് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. അമീറിന്റെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കല്‍, അമീരി കോര്‍ട്ടിന്റെ അനുമതിയില്ലാതെ അമീറിന്റെ പേരില്‍ പ്രസ്താവനകള്‍ നടത്തല്‍, ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും അപമാനിക്കല്‍, അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജഡ്ജി നാസര്‍ അല്‍ബദര്‍ അധ്യക്ഷനായ സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ടെററിസം ക്രൈംസ് കോടതി മുഹമ്മദ് അല്‍മുതൈറിനെ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ശിക്ഷിച്ചത്. ഗോത്രകലഹത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ നിന്ന് മുഹമ്മദ് അല്‍മുതൈറിനെ കോടതി കുറ്റവിമുക്തനാക്കി.
കഴിഞ്ഞയാഴ്ച, മറ്റൊരു കേസില്‍ വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി മുഹമ്മദ് അല്‍മുതൈറിനെ കോടതി മൂന്ന് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എക്‌സ് പ്ലാറ്റ്ഫോം വഴി രാജ്യത്തിന്റെ അന്തസ്സിനെ തകര്‍ക്കുന്ന തരത്തില്‍ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് തെറ്റായ വാര്‍ത്തകളും കിംവദന്തികളും മനഃപൂര്‍വ്വം പ്രചരിപ്പിച്ചതിനും പബ്ലിക് പ്രോസിക്യൂഷനിലെയും ജുഡീഷ്യറിയിലെയും അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അറ്റോര്‍ണി ജനറലിനെ അപമാനിച്ചതിനും ജൂണ്‍ 22 ന്, കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി മുഹമ്മദ് അല്‍മുതൈറിന്റെ മൂന്ന് വര്‍ഷത്തെ കഠിനതടവ് ശിക്ഷ ശരിവെച്ചു. അതേ ദിവസം തന്നെ നടന്ന മറ്റൊരു സെഷനില്‍, മറ്റൊരു കേസില്‍ മുഹമ്മദ് അല്‍മുതൈറിന്റെ തടവ് റദ്ദാക്കി വീണ്ടും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പരമോന്നത കോടതി പുറപ്പെടുവിച്ചിരുന്നു.



