കുവൈത്ത് സിറ്റി ∙ ലൈസൻസില്ലാതെയും ഔദ്യോഗിക യോഗ്യതകളില്ലാതെയും ഡോക്ടറായി പ്രാക്ടിസ് ചെയ്ത ഏഷ്യൻ വംശജനെ ഹവലി ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹവലിയിലെ പഴയ റെസിഡൻഷ്യൽ ബിൽഡിങ്ങിൽ വാടകയ്ക്കെടുത്ത റൂമിനെ ക്ലിനിക്കാക്കി മാറ്റി ഇവിടെ രോഗികളെ സ്വീകരിച്ച് ചികിത്സിക്കുകയായിരുന്നു. സമീപിച്ച രോഗികളിൽ ഭൂരിഭാഗവും സ്വന്തം രാജ്യക്കാരായ പ്രവാസികളായിരുന്നു.
റെയ്ഡിനിടെ വ്യാജ ഡോക്ടറുടെ മുറിയിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മരുന്നുകൾ, വിദേശത്ത് നിന്ന് കടത്തിയ മരുന്നുകൾ, ഗർഭഛിദ്രഗുളികൾ, വേദനസംഹാരികൾ, സാധാരണ രോഗങ്ങൾക്കും മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകൾ എന്നിവ കണ്ടെത്തി.
നിരവധി പ്രവാസികൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഡിറ്റക്ടീവ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. രഹസ്യ നിരീക്ഷണത്തിലും അന്വേഷണത്തിലും ലൈസൻസില്ലാത്ത ക്ലിനിക്ക് നടത്തുന്നതും രോഗികളെ ചികിത്സിക്കുന്നതുമായി വ്യക്തമായി. സ്വന്തം രാജ്യക്കാരായ യുവതികൾക്ക് നിയമവിരുദ്ധ ഗർഭഛിദ്ര സേവനങ്ങൾ നൽകുന്നതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറന്റ് നേടി ക്ലിനിക്ക് റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
അനധികൃത മെഡിക്കൽ വസ്തുക്കളെല്ലാം അധികൃതർ പിടിച്ചെടുത്തു. 35 കുവൈത്തി ദീനാര്‍ വീതം ഇടാക്കിയാണ് ഗര്‍ഭഛിദ്ര ഗുളികള്‍ താന്‍ വില്‍പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. കൂടുതൽ നിയമനടപടികൾക്കായി തൊണ്ടി സഹിതം പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി.