കുവൈത്ത് സിറ്റി – വാണിജ്യ സമ്മാന നറുക്കെടുപ്പ് കൃത്രിമത്വ കേസുമായി ബന്ധപ്പെട്ട് 73 പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സംഘടിത ക്രിമിനല്‍ ശൃംഖല നറുക്കെടുപ്പുകളില്‍ കൃത്രിമം നടത്തി വിലയേറിയ സമ്മാനങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. സമ്മാന നറുക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ച കേസ് മാര്‍ച്ചിലാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഫലങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പരസ്യപ്പെടുത്തി. നറുക്കെടുപ്പില്‍ കൃത്രിമം കാണിക്കുകയും പണവും വിലയേറിയ വസ്തുക്കളും സ്വന്തമാക്കുകയും ചെയ്ത പ്രതികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പുകള്‍ നടത്തിയതെങ്കിലും, 2021 നും 2025 നും ഇടയില്‍ സംഘടിത ക്രിമിനല്‍ ശൃംഖല നറുക്കെടുപ്പുകളില്‍ കൃത്രിമങ്ങള്‍ നടത്തിയതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തി. ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് നറുക്കെടുപ്പുകളില്‍ കൃത്രിമം നടത്തി നിയമവിരുദ്ധമായി സാമ്പത്തിക നേട്ടങ്ങള്‍ നേടുകയും അവ അംഗങ്ങള്‍ക്കിടയില്‍ പങ്കിടുകയുമായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.
സംഘം 110 വാണിജ്യ സമ്മാന നറുക്കെടുപ്പുകളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍, പണം, മറ്റു വിലയേറിയ സമ്മാനങ്ങള്‍ എന്നിവയും പ്രതികൾ കൈക്കലാക്കി. ഈ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം നിരവധി സാമ്പത്തിക ഇടപാടുകളില്‍ പ്രതികള്‍ നിക്ഷേപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. നിയമവിരുദ്ധ വരുമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 11,74,989 കുവൈത്തി ദീനാര്‍ (ഏകദേശം 38 ലക്ഷം ഡോളര്‍) വിലമതിക്കുന്ന പണവും ആസ്തികളും പിടിച്ചെടുത്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ യാ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ലക്ഷ്വറി കാറിനായുള്ള നറുക്കെടുപ്പിനിടെയാണ് വര്‍ഷങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന നറുക്കെടുപ്പ് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. നറുക്കെടുപ്പ് നടത്തിയ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പിനു മുമ്പായി തന്റെ കൈയില്‍ കൂപ്പണ്‍ മറച്ചുവെച്ചതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. നറുക്കെടുപ്പില്‍ ലക്ഷ്വറി കാര്‍ സമ്മാനം ലഭിച്ച ഈജിപ്ഷ്യന്‍ വനിതക്ക് നേരത്തെ നാലു തവണ വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചതായും വ്യക്തമായി. മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. ഈജിപ്തുകാരിക്ക് സമ്മാനം ലഭിച്ച നറുക്കെടുപ്പുകളെല്ലാം നടത്തിയത് വാണിജ്യ മന്ത്രാലയത്തിലെ ഇതേ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ആഡംബര കാര്‍ സമ്മാനം ലഭിച്ച ഈജിപ്തുകാരിക്ക് ഒരു വര്‍ഷത്തിനിടെ നറുക്കെടുപ്പുകളില്‍ നാല് കാറുകള്‍ സമ്മാനമായി ലഭിച്ചിരുന്നു. ഇത് നറുക്കെടുപ്പുകളുടെ സത്യസന്ധതയെ കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിപ്പിച്ചു. 2024 ഏപ്രില്‍ മധ്യത്തില്‍ റേഞ്ച് റോവര്‍, 2024 ഓഗസ്റ്റില്‍ ഗീലി, 2025 ജനുവരിയില്‍ ബി.എം.ഡബ്ല്യു, പിന്നീട് എസ്‌കലേഡ് എന്നീ കാറുകളാണ് ഈജിപ്തുകാരിക്ക് നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചത്. ഇവരുടെ, പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരനായ ഭര്‍ത്താവിന് രണ്ടു കാറുകളും സമാന രീതിയില്‍ സമ്മാനമായി ലഭിച്ചിരുന്നു.
നറുക്കെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച്, നറുക്കെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നതില്‍ ഉള്‍പ്പെട്ട നെറ്റ്വര്‍ക്കിനെ അറസ്റ്റ് ചെയ്തതായി വൈകാതെ പ്രഖ്യാപിച്ചു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട, നറുക്കെടുപ്പില്‍ കൃത്രിമം കാണിച്ച വ്യക്തി വാണിജ്യ മന്ത്രാലയത്തിലെ നറുക്കെടുപ്പ് വകുപ്പ് മേധാവി സ്ഥാനം വഹിക്കുന്ന കുവൈത്ത് പൗരനാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. നിരവധി നറുക്കെടുപ്പുകളില്‍ വ്യവസ്ഥാപിതമായി കൃത്രിമം കാണിക്കാന്‍ അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തതായി അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു.



