കുവൈത്ത് സിറ്റി – കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന്‍ വെളിപ്പെടുത്തി. സ്ത്രീകളെ സായുധ സേനയില്‍ സംയോജിപ്പിക്കുന്നതില്‍ കുവൈത്ത് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ജൂണ്‍ മധ്യത്തില്‍, സൈനിക സേവനത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ കേഡറ്റ് ഓഫീസര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ആരംഭിച്ചതായി അലി അല്‍സ്വബാഹ് മിലിട്ടറി കോളേജ് അറിയിച്ചു.
സ്ത്രീകളെ സൈന്യത്തില്‍ സംയോജിപ്പിക്കുന്നത് കുവൈത്ത് സൈന്യം സാക്ഷ്യം വഹിക്കുന്ന ആധുനികവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായ ചുവടുവെപ്പാണെന്ന് കുവൈത്ത് സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് സ്വബാഹ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഏപ്രില്‍ 14 ന് പറഞ്ഞു.
കുവൈത്ത് ആര്‍മി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ സ്വബാഹ് അല്‍ജാബിര്‍ അല്‍സ്വബാഹുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന്‍ പറഞ്ഞു.
കുവൈത്തിലെ മുബാറക് അല്‍അബ്ദുല്ല ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളേജും ബംഗ്ലാദേശിലെ കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളേജും തമ്മില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ കൈമാറ്റം, ഇരു രാജ്യങ്ങളുടെയും പ്രത്യേക കമാന്‍ഡോ സേനകള്‍ തമ്മിലുള്ള സംയുക്ത പരിശീലനം വീണ്ടും സജീവമാക്കല്‍, കുവൈത്തില്‍ സൈനികര്‍ക്കായി പുതിയ ഭവനങ്ങളുടെയും ബാരക്കുകളുടെയും നിര്‍മാണത്തിന് എന്‍ജിനീയറിംഗ് പിന്തുണ നല്‍കല്‍, കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകളെയും വനിതാ സൈനിക വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കുന്നതിന് ബംഗ്ലാദേശ് സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ഭാവി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
കുവൈത്ത് സൈനിക ബാന്‍ഡിനെ പരിശീലിപ്പിക്കാന്‍ ബംഗ്ലാദേശില്‍ നിന്ന് പരിശീലകരെ അയക്കല്‍, കുവൈത്തിലെ ബംഗ്ലാദേശ് സൈനിക സേനയുടെ ഭാഗമായി സംഗീത ബാന്‍ഡുകളുടെ മനുഷ്യശേഷി ശക്തിപ്പെടുത്തല്‍, കാമഫ്‌ലേജ് ഫീല്‍ഡ് യൂണിഫോമുകളുടെ ഇറക്കുമതി, കുവൈത്തില്‍ പ്രത്യേക ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കല്‍ എന്നിവയും ചര്‍ച്ച ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്നവരും വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെ, കുവൈത്തിലെ വിവിധ സൈനിക, സുരക്ഷാ വിഭാഗങ്ങളില്‍ ബംഗ്ലാദേശ് സായുധ സേനയില്‍ നിന്നുള്ള 5,000 ലേറെ ഉദ്യോഗസ്ഥര്‍ക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും ബംഗ്ലാദേശ് അംബാസഡര്‍ പറഞ്ഞു.
2021 ഒക്ടോബറില്‍ അന്നത്തെ കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിര്‍ അല്‍അലി അല്‍സ്വബാഹ് കുവൈത്ത് വനിതകളെ കുവൈത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം. സിവിലിയന്‍ സ്‌പെഷ്യാലിറ്റികളില്‍ ജോലി ചെയ്യാന്‍ മാത്രം വനിതകളെ അനുവദിക്കാനാണ് നിലവിലെ തീരുമാനം. നിലവില്‍ വനിതകള്‍ മെഡിക്കല്‍, സൈനിക പിന്തുണാ സേവനങ്ങളില്‍ ജോലി ചെയ്യുമെന്ന് പ്രതിരോധ മന്ത്രി പുറപ്പെടുവിച്ച തീരുമാനം വ്യവസ്ഥ ചെയ്യുന്നു.