കുവൈത്ത് സിറ്റി– അറബ് ആധുനിക ശില്‍പ സൗന്ദര്യത്തിന്റെ പ്രതീകമായ കുവൈത്ത് ടവറുകള്‍ അറബ് വാസ്തുവിദ്യ പൈതൃക പട്ടികയില്‍ ഔദ്യോഗികമായി ഇടം നേടി. എഎൽഇസിഎസ്ഒ (അറബ് ലീഗ് വിദ്യാഭ്യാസ, സംസ്‌കാരിക ശാസ്ത്ര സംഘന) സംസ്‌കാരിക വിഭാഗം ഡയറക്ടര്‍ ഹമീഗ് അല്‍ നോഫ്‌ളിയാണ് പ്രഖ്യാപിച്ചത്.
2025 ജൂലൈ 28ന് ബെയ്‌റൂത്തില്‍ നടന്ന ഒമ്പതാമത് പ്രാദേശിക ഫോറം സമാപന വേദിയില്‍ ആര്‍കിടെക്ചറല്‍ ആന്‍ഡ് അര്‍ബന്‍ ഹെറിറ്റേജ് ഒബ്‌സര്‍വേറ്ററിയുടെ പ്രഖ്യാപനം. ദേശീയ പ്രാധാന്യമുള്ള സംസ്‌കാരിക പൈതൃകമായി കുവൈത്ത് ടവറുകളെ സംസ്‌കാരിക, കല, സാഹിത്യ ദേശീയ കൗണ്‍സില്‍ (എന്‍സിസിഎല്‍) മുഖേന എഞ്ചിനീയര്‍ മഹ്‌മൂദ് അല്‍ റാബിയയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം
ടവറിന്റെ പ്രത്യേകതകള്‍
ആധുനിക രൂപകല്‍പനയില്‍ ജലസംഭരണി പ്രാധാന്യമാക്കി നിര്‍മിച്ച കലാവിരുതാണ് കുവൈത്ത് ടവര്‍. അറേബ്യന്‍ ഗള്‍ഫ് തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ടവറുകള്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണമായും പ്രവൃത്തിക്കുന്നു. 1970കളില്‍ നിര്‍മിച്ച ഈ മൂന്ന് ടവറുകള്‍ വ്യത്യസ്തമായിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ ആകർഷണം എന്നതിനേക്കാൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണ സംഭരണി കൂടിയാണ് ഈ ടവറുകൾ.
ഇതിലെ പ്രധാന ടവര്‍ ജല ശേഖരണത്തിനും റസ്റ്റോറന്റിനുമാണ് ഉപയോഗിക്കുന്നത്. ഒരു ടവര്‍ ജലശേഖരണത്തിന് മാത്രവും മൂന്നാമത്തേത് വൈദ്യുതി നിയന്ത്രണത്തിനും ഉപയോഗിക്കുന്നു. അലെസ്‌കോയുടെ അംഗീകാരത്തിന് പുറമെ യുനെസ്‌കോയുടെ താല്‍ക്കാലിക പൈതൃക പട്ടികയിലും ടവറുകള്‍ ഇടം നേടിയിട്ടുണ്ട്.