റിയാദ്– ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ദേശീയ നേട്ടമെന്നോണം കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സൗദിയിലെ ആദ്യത്തെ ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു.
രാജ്യത്തിനുള്ളിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് നൂതന ചികിത്സ നല്‍കുക, 2030 ആകുമ്പോഴേക്കും ചികിത്സാ ചെലവില്‍ ഏകദേശം 800 കോടി സൗദി റിയാല്‍ ലാഭിക്കുക, ഇമ്മ്യൂണോതെറാപ്പി, സെല്‍ തെറാപ്പി നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലൂടെ ഈ നൂതന ചികിത്സകള്‍ക്കുള്ള പ്രാദേശിക ആവശ്യത്തിന്റെ ഏകദേശം ഒമ്പതു ശതമാനം നികത്തുക എന്നിവയാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
റിയാദിലെ ആശുപത്രി കോംപൗണ്ടിനുള്ളില്‍ 5,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പുതിയ കേന്ദ്രം 2025 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ടി സെല്ലുകള്‍, സ്റ്റെം സെല്ലുകള്‍, വൈറല്‍ വെക്റ്റര്‍ സാങ്കേതികവിദ്യകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നൂതന ഇമ്മ്യൂണോതെറാപ്പികള്‍ ഇവിടെ ഉല്‍പാദിപ്പിക്കും. സങ്കീര്‍ണമായ ജനിതക, രോഗപ്രതിരോധ രോഗങ്ങള്‍ ചികിത്സിക്കാനായി ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യകളും, ഹെപ്പറ്റോസൈറ്റുകളുടെയും പാന്‍ക്രിയാറ്റിക് ഐലറ്റ് സെല്ലുകളുടെയും ഉല്‍പാദനം എന്നിവ ഉള്‍പ്പെടുത്തി കേന്ദ്രം പിന്നീട് വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി ഏകദേശം 2,400 ചികിത്സാ ഡോസുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ശനമായ അന്തരീക്ഷത്തില്‍ ചികിത്സകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ആഗോള മാനദണ്ഡമായ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഉയര്‍ന്ന സുരക്ഷയിലും ഗുണനിലവാരത്തിലും രോഗിക്ക് ചികിത്സ ഉറപ്പാക്കാന്‍ ഓരോ ഘട്ടവും അവലോകനം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയും ഭാവിയിലെ ദ്രുതഗതിയിലുള്ള വികാസം സാധ്യമാക്കുകയും ചെയ്യുന്ന നിലക്ക് ഗുണനിലവാര നിയന്ത്രണത്തിലേക്കും ഉല്‍പാദന പ്രക്രിയകളിലേക്കും സ്മാര്‍ട്ട് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യകളെയും കൃത്രിമബുദ്ധിയെയും ഇത് സംയോജിപ്പിക്കുന്നു.
രാജ്യത്തിനുള്ളിലെ ബയോഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ വികസനത്തില്‍ ഗുണപരമായ കുതിച്ചുചാട്ടമാണ് പുതിയ പദ്ധതി. മെഡിക്കല്‍ ഗവേഷണത്തിലും നവീകരണത്തിലും രാജ്യത്തിന്റെ ശേഷികള്‍ വര്‍ധിപ്പിക്കുന്ന പുതിയ സെന്റര്‍ ഭാവിചികിത്സകളുടെ ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുക്കാന്‍ സ്വദേശി പ്രതിഭകള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നു.
ഉല്‍പാദന ശേഷി പ്രതിവര്‍ഷം 100 ജീന്‍ തെറാപ്പികളിലേക്ക് വികസിപ്പിക്കാന്‍ കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ അതിവേഗം കുതിക്കുന്നു. ദേശീയ ആരോഗ്യം മെച്ചപ്പെടുത്തുക, ജീവിത നിലവാരം ഉയര്‍ത്തുക, ജൈവ വ്യവസായങ്ങളെ പ്രാദേശികവല്‍ക്കരിക്കുക, അവയുടെ സാമ്പത്തിക സ്വാധീനം പരമാവധിയാക്കുക എന്നിവ ലക്ഷ്യമിട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരംഭിച്ച ദേശീയ ബയോടെക്‌നോളജി തന്ത്രവുമായി പുതിയ സെന്ററിന്റെ സ്ഥാപനം ബന്ധപ്പെട്ടിരിക്കുന്നു. 2040 ഓടെ ലൈഫ് സയന്‍സസിലെ ഇന്നൊവേഷനുള്ള ആഗോള കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാനാണ് നാഷണല്‍ ബയോടെക്‌നോളജി സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നത്.
ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം, റോബോട്ടിക് സര്‍ജറി, ഇമ്മ്യൂണോതെറാപ്പി, ഭ്രൂണ ജനിതക രോഗനിര്‍ണയം, മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ എന്നിവയിലെ മുന്‍നിര പ്രോഗ്രാമുകള്‍ അടക്കം ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ കണ്ടുപിടുത്തങ്ങള്‍ റിയാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ഫോറത്തില്‍ കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ പ്രദര്‍ശിപ്പിക്കുന്നു. ലോകത്ത് ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ കഴിഞ്ഞയാഴ്ച ചരിത്ര നേട്ടം കൈവരിച്ചിരുന്നു.
2025 ല്‍ ലോകത്തിലെ ഏറ്റവും മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ മിഡില്‍ ഈസ്റ്റിലും ഉത്തര ആഫ്രിക്കയിലും ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 15 -ാം സ്ഥാനവും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍നേടിയിട്ടുണ്ട്. ബ്രാന്‍ഡ് ഫിനാന്‍സ് 2024 ല്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യവത്തായ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായും ഇതിനെ അംഗീകരിച്ചു. ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ 2025, മികച്ച സ്മാര്‍ട്ട് ആശുപത്രികള്‍ 2025, മികച്ച സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ 2026 എന്നീ പട്ടികകളിലും ഇടംനേടി. നവീകരണാധിഷ്ഠിത രോഗീ പരിചരണത്തില്‍ ആഗോള മുന്‍നിര സ്ഥാപനമെന്ന നിലയില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിന്റെ സ്ഥാനം ഈ അംഗീകാരങ്ങള്‍ ഉറപ്പിക്കുന്നു.



