റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ തീ പടര്‍ന്നുപിടിച്ച വൈക്കോല്‍ ലോഡ് കയറ്റിയ ലോറി സ്വന്തം ജീവന്‍ പണയം വെച്ച് പെട്രോള്‍ ബങ്കില്‍ നിന്ന് ഓടിച്ചുമാറ്റി വന്‍ ദുരന്തം തടഞ്ഞ സൗദി യുവാവ് മാഹിര്‍ ഫഹദ് അല്‍ദല്‍ബഹിക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു.
യുവാവിന് കിംഗ് അബ്ദുല്‍ അസീസ് മെഡലും പത്തു ലക്ഷം റിയാലും സമ്മാനിക്കാന്‍ നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് ഗവര്‍ണറേറ്റ് ആസ്ഥാനത്ത് മാഹിര്‍ അല്‍ദല്‍ബഹിയെ സ്വീകരിച്ച റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ കിംഗ് അബ്ദുല്‍ അസീസ് മെഡലും സര്‍ട്ടിഫിക്കറ്റും പാരിതോഷികവും സമ്മാനിച്ചു.
മാഹിര്‍ അല്‍ദല്‍ബഹിയുടെ വീരകൃത്യത്തെ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രശംസിച്ചു. ഇത് ഈ രാജ്യത്തെ ജനങ്ങളുടെ ത്യാഗത്തിനും സമര്‍പ്പണത്തിനുള്ള യഥാര്‍ഥ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. വിശ്വസ്തരായ പൗരന്മാരിലുള്ള നിരന്തരമായ അഭിമാനവും അവരുടെ ധീരവും വീരോചിതവുമായ നിലപാടുകളോടുള്ള വിലമതിപ്പുമാണ് മാഹിര്‍ അല്‍ദല്‍ബഹിയെ ആദരിക്കാനുള്ള ഭരണാധികാരികളുടെ നിര്‍ദേശം പ്രതിഫലിപ്പിക്കുന്നതെന്നും മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ പറഞ്ഞു.
തനിക്ക് ലഭിച്ച ആദരവിനും പരിചരണത്തിനും മാഹിര്‍ അല്‍ദല്‍ബഹി സല്‍മാന്‍ രാജാവിനോടും കിരീടാവകാശിയോടും അഗാധമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. പ്രിയപ്പെട്ട മാതൃരാജ്യത്തോടുള്ള ബോധം നിര്‍ദേശിക്കുന്ന ദേശീയവും മാനുഷികവുമായ കടമയായിരുന്നു തന്റെ രക്ഷാപ്രവര്‍ത്തനമെന്നും മാഹിര്‍ പറഞ്ഞു.
ലോറിയിലെ വൈക്കോല്‍ ലോഡില്‍ തീ പടര്‍ന്നുപിടിച്ചതോടെ വൈക്കോല്‍ ലോഡ് ലോറിയില്‍ നിന്ന് തള്ളിയിടാനാണ് ഡ്രൈവര്‍ ആദ്യം ശ്രമിച്ചത്. ഇതിന് സാധിക്കാതെ വന്നതോടെ ദവാദ്മിയിലെ പെട്രോള്‍ ബങ്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷനു സമീപം ലോറി എത്തിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കാന്‍ ശ്രമിച്ച് ലോറി പെട്രോള്‍ ബങ്കിലേക്ക് കയറ്റി. അപ്പോഴേക്കും ലോറിയില്‍ തീ പടര്‍ന്നുപിടിച്ചിരുന്നു. വെപ്രാളത്തില്‍ സര്‍വീസ് സ്റ്റേഷനിലേക്ക് പോകുന്നതിനു പകരം പെട്രോള്‍ ബങ്കിനകത്തേക്കാണ് ഡ്രൈവര്‍ ലോറി ഓടിച്ചുകയറ്റിയത്. ലോറിയില്‍ തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ ജീവനും കൊണ്ട് പുറത്തേക്കോടി. ഈ സമയത്താണ് മാഹിര്‍ അല്‍ദല്‍ബഹി സ്വന്തം ജീവന്‍ പണയം വെച്ച് വീരോചിതമായി ലോറിയില്‍ ചാടിക്കയറി ലോറി പെട്രോള്‍ ബങ്കില്‍ നിന്ന് ദൂരേക്ക് ഓടിച്ചുമാറ്റിയത്. ഇതിനിടെ യുവാവിന്റെ മുഖത്തും കൈകാലുകളിലും മറ്റും പൊള്ളലേറ്റിരുന്നു.