റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സില്‍വര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2026’ ഇന്ന് (ആഗസ്റ്റ് 20) സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ ആരംഭിക്കും. റിയാദിലെ പ്രമുഖ ആറ് വോളിബോള്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് പ്രവാസി കായികപ്രേമികള്‍ക്ക് ആവേശകരമായ മത്സരവിരുന്നാകും.
റിബല്‍സ് റിയാദ്, വിഎഫ്ആര്‍ വോളി ഫ്രന്‍സ് റിയാദ്, സ്റ്റാര്‍ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്, എസ്‌കെജി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.
ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് പിന്നാലെ നാളെ (ആഗസ്റ്റ് 21) സെമി ഫൈനല്‍ മത്സരങ്ങളും തുടര്‍ന്ന് ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂര്‍ണമെന്റ് കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







