ദുബൈ– പാട്ടിലും സിനിമയിലുമൊക്കെ എഐ സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച് ആശങ്കയുണ്ടെന്ന് പിന്നണി ഗായിക കെ.എസ് ചിത്ര.
ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവേ കലാരംഗത്ത് നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച ചോദ്യത്തിന് ഉത്തരമായാണ് അവർ ആശങ്ക പ്രകടിപ്പിച്ചത്.
എല്ലാ മേഖലകളിലും മാറ്റമുണ്ട്. എല്ലാത്തിനെയും ഉൾകൊള്ളാനാണ് ശ്രമിക്കാറുളളത്. മാറ്റങ്ങളെ പൂർണമായി തള്ളിപ്പറയുന്നുമില്ല- അവർ പറഞ്ഞു.
പുതുതലമുറയിലെ ഗായകർ പല കാര്യങ്ങളിലും പ്രചോദനമായിട്ടുണ്ട്. താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ലെന്നും ഒഴിവാക്കിയാൽ നാളെ ഞാനതിന്റെ പരിണിതഫലം അറിയുമെന്നും ശബ്ദത്തിന്റെ മേന്മ നിലനിർത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു.
ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനായി ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.എസ് ചിത്ര യു.എ.ഇയിൽ എത്തിയത്.
സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ഷാർജയിൽ നടക്കുന്നത്