ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ജോര്‍ദാന്‍ യുവതിക്ക് സൗദിയ വിമാനത്തില്‍ സുഖപ്രസവം. ക്വാലാലംപൂരില്‍ നിന്നുള്ള സൗദിയ വിമാനത്തില്‍ ജോര്‍ദാനിലെ അമ്മാനിലേക്ക് ജിദ്ദ വഴി ട്രാന്‍സിറ്റായി യാത്ര ചെയ്യുകയായിരുന്ന 22 കാരിക്ക് വിമാനം ജിദ്ദയില്‍ ലാന്‍ഡ് ചെയ്തയുടന്‍ പ്രസവവേദന ആരംഭിക്കുകയായിരുന്നു. ഇതേ കുറിച്ച് ക്യാപ്റ്റന്‍ എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി മെഡിക്കല്‍ ടീമുകള്‍ ഉടന്‍ തന്നെ വിമാനത്തിലെത്തി യുവതിയെ പരിശോധിക്കുകയും പ്രത്യേക വൈദ്യ പരിചരണത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജോര്‍ദാന്‍കാരി കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിയ ശേഷം കൂടുതല്‍ വൈദ്യസഹായത്തിനായി ഇരുവരെയും ജിദ്ദയിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷം മുതല്‍ ജിദ്ദ വിമാനത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സംഘങ്ങളെ ജിദ്ദ എയര്‍പോര്‍ട്ട്സ് കമ്പനി ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വൈദ്യസഹായം നല്കുന്ന എട്ട് സ്റ്റേഷനുകളില്‍ 39 പാരാമെഡിക്കല്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ സംഘങ്ങള്‍ എല്ലാ അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാര്‍ക്ക് ഉടനടി പരിചരണം ഉറപ്പാക്കുന്നു.



