ജിദ്ദ– വായനയുടെ വിശാല ലോകത്തേക്ക് വെളിച്ചം വീശി ജിദ്ദ ലിറ്ററേച്ചർ എക്സ്പോക്ക് പ്രൗഢമായ തുടക്കം. ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടു നിൽക്കുന്ന ലിറ്റ് എക്സ്പോ 2025 ന്റെ തുടക്കം പുസ്തക പ്രേമികളുടെ വേറിട്ട സംഗമമായി മാറി. ലിറ്റ് എക്സ്പോയുടെ ഉദ്ഘാടനം ജിദ്ദ മീഡിയ ഫോറം 24 ന്യൂസ് സൗദി റിപ്പോർട്ടറുമായ ജലീൽ കണ്ണമംഗലം നിർവ്വഹിച്ചു. ജിദ്ദ സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ഫോക്കസ് എന്ന യുവജന കൂട്ടായ്മ വ്യത്യസ്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ടെന്ന് ജലീൽ കണ്ണമംഗലം പറഞ്ഞു.
ജിദ്ദയിലെ വായനാ കൂട്ടായ്മകളെ പ്രതിനിധീകരിച്ചെത്തിയ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സംഗമം ശ്രദ്ധേയമായി. ലിറ്റ് എക്‌സ്പോ സ്വാഗതസംഘം ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്ത് വിവിധ വായനാക്കൂട്ടങ്ങളുടെ പ്രതിനിധികൾ വായനയുടെ സമകാലിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്തി. വായന മരിച്ചുവെന്ന വാദം അസ്ഥാനത്താണെന്നും, കാലത്തിനനുസരിച്ച് വായനയുടെ സ്വഭാവത്തിനു മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.
യുവതലമുറയെ വായനയിലേക്കാകർഷിക്കാൻ നൂതന സാങ്കേതിക വിദ്യകളെ സൃഷ്ടിപരമായി വിനിയോഗിക്കണമെന്ന് പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന് പറഞ്ഞു. ഡിജിറ്റൽ വായനാ ലോകം വിപ്ലവകരമായ സാധ്യതകളിലേക്ക് കടക്കുകയാണെന്ന് സിജി കമ്മ്യൂണിറ്റി ലൈബ്രറി പ്രതിനിധി റഫീഖ് പെരുൾ അഭിപ്രായപ്പെട്ടു. സിജിയുടെ സംരംഭമായ ഡിജി സ്പേസ് മുഖേന വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ ഡിജിറ്റൽ ഇടങ്ങളിലേക്കു മാറ്റുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യതയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വായന മനസ്സിൽ നൈർമല്യം വിതയ്ക്കുന്ന ഉദാത്തമായ പ്രവൃത്തിയാണെന്നും മനുഷ്യൻ നിലനിൽക്കുന്നിടത്തോളം വായനയും നിലനില്ക്കുമെന്നും സമീക്ഷ വായനാവേദി പ്രതിനിധി ഷാജി അത്താണിക്കൽ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് നെഹ്‌റുവിന്റെ വാക്കുകൾ എങ്ങനെ കരുത്ത് പകർന്നുവോ, അതുപോലെ ഈ ഫാസിസ്റ്റ് കാലഘട്ടത്തിലും ആ വാക്കുകൾ സമകാലിക പ്രസക്തിയാർജിച്ചിരിക്കുന്നു എന്ന് ജിദ്ദാ വായനാകൂട്ടം പ്രതിനിധി സക്കീർ ഹുസൈൻ അഭിപ്രായപെട്ടു .
ഈ സംഗമം അക്ഷരങ്ങളെയും അക്ഷരസ്നേഹികളെയും ഒരുമിപ്പിക്കുന്ന ധന്യമായ വേദിയാണെന്ന് അക്ഷരം വായനാവേദി പ്രതിനിധി ശിഹാബ് കരുവാരകുണ്ട് ചൂണ്ടികാട്ടി. വായന മരിച്ചിട്ടില്ല, മറിച്ച് പൊടിപിടിച്ച പുസ്തകങ്ങളാണ് മരിക്കുന്നതെന്നും വിദ്യാർത്ഥികളെ വായനയിലേക്കു കൈപിടിച്ച് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ അഭിപ്രായപ്പെട്ടു.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് അതിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയാണ് ഫോക്കസ് ചെയ്യുന്നതെന്നും വായനക്ക് പ്രചോദനം നൽകുന്ന ലിറ്റ് എക്സ്പോയുടെ പ്രവർത്തനങ്ങളിൽ വായനാ പ്രേമികളുടെ പിന്തുണ ഉണ്ടാവണമെന്നും ഫോക്കസ് മുൻ സി.ഇ.ഒ പ്രിൻസാദ് പാറായി സൂചിപ്പിച്ചു. രണ്ടുമാസം നീണ്ടു നിൽക്കുന്ന ലിറ്റ് എക്സ്പോയുടെ സമാപനമായി ബുക്ക് ഹറാജ് 2026 ജനുവരി 10-ന് നടക്കും. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ബുക്ക് ഹറാജിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളുടെ വീഡിയോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷഫീഖ് പട്ടാമ്പി സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.



