ജിദ്ദ– ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഫണ്ടിൽ നിന്ന് നടപ്പുവർഷത്തെ ഗുണഭോക്ത വിഹിതമായി 403 പേർക്ക് സഹായം നൽകി. ഇതിൽ നടപ്പുവർഷം മരണപ്പെട്ട 25 പേരുടെ കുടുംബത്തിന് മരണാനന്തര സഹായവും മറ്റുള്ളവർക്ക് ചികിത്സാ സഹായവും എക്സിറ്റ് ആനുകൂല്യവുമാണ് നൽകിയത്.
ഈയിടെ ജിദ്ദയിൽ വെച്ച് മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 5 ലക്ഷം രൂപ വീതമുള്ള ചെക്കുകൾ കൈമാറിയാണ് ചടങ്ങിൻ്റെ ഉൽഘാടനം നിർവഹിച്ചത്.
2009ൽ തുടക്കം കുറിച്ച ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഇപ്പോൾ 17-ാം വർഷത്തിലേക്ക് കടക്കുകയാണ്.
പിന്നിട്ട 16 വർഷങ്ങളിലായി മരണപ്പെട്ട നൂറ്കണക്കിന് പ്രവാസികളുടെ നിസ്സഹായരും അനാഥകളുമായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അംഗങ്ങളുടെ ചികിത്സാ സഹായത്തിനുമായി പദ്ധതി വിഹിതമായി ശതകോടികളാണ് കെ.എം.സി.സി വിതരണം ചെയ്തിട്ടുള്ളത്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രാ ടിക്കറ്റും മറ്റ് ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. അതോടൊപ്പം നാട്ടിലേക്ക് മടങ്ങിയവരിൽ 60 വയസ്സ് പൂർത്തിയായാൽ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്. 5 വർഷമായി ജിദ്ദ KMCC ഇങ്ങനെ നൂറ് കണക്കിന് പ്രവാസികൾക്ക് എല്ലാ മാസവും പെൻഷൻ നൽകി വരുന്നുണ്ട്. പെൻഷൻ വാങ്ങുന്നവർ മരണപ്പെട്ടാൽ അവരുടെ അംഗത്വത്തിൻ്റെ അനുപാതം കണക്കാക്കി കുടുംബത്തിന് മരണാനന്തര വിഹിതവും നൽകുന്നുണ്ട്. ആദ്യമായി പ്രവാസികൾക്ക് സംഘടന തലത്തിൽ പെൻഷൻ ഏർപ്പെടുത്തുന്നത് ജിദ്ദ കെ.എം.സി.സിയാണ്.
പദ്ധതി അംഗത്തിൻ്റെ മരണാനന്തര വിഹിതം 5 ലക്ഷത്തിൽ നിന്ന് 2026 വർഷം മുതൽ 8 ലക്ഷമായി കമ്മിറ്റി വർദ്ധിപ്പിച്ചിരിക്കുന്നു.
കെ.എം.സി.സിയുടെ എല്ലാ സുരക്ഷ പദ്ധതികളിലും ഒരെ സമയം അംഗത്തമെടുത്ത വ്യക്തി മരണപ്പെട്ടാൽ 25 ലക്ഷം രൂപ വരെ അയാളുടെ കുടുംബത്തിന് സഹായമായി ലഭ്യമാവും എന്നത് KMCC പ്രവാസി സമൂഹത്തോട് കാണിക്കുന്ന പ്രതിജ്ഞാബദ്ധമായ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.
സുരക്ഷ പദ്ധതിയിൽ കാലാനുസൃതമായ പരിഷ്കരണം വരുത്തി ഗുണഭോക്താക്കൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്ന ജിദ്ദ കെ.എം.സി.സിയെ തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു.
എല്ലാ പ്രവാസികളും KMCC സുരക്ഷ പദ്ധതിയിൽ അംഗത്വമെടുത്ത് കുടുംബത്തിൻ്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യാർത്ഥിച്ചു.
ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, എ.കെ. മുഹമ്മദ് ബാവ, സിറാജ് കണ്ണവം തുടങ്ങി നിരവധി കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.



