ജിദ്ദ – മാതാപിതാക്കള്‍ക്ക് സൗദിയില്‍ നിയമാനുസൃത ഇഖാമയുണ്ടെങ്കില്‍, പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് ഇത്തരം കുട്ടികളുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
സൗദിയില്‍ നിയമാനുസൃത ഇഖാമകളില്‍ കഴിയുന്ന കുടുംബങ്ങളുടെ കുടുംബപരവും സാമൂഹികവുമായ സ്ഥിരത ഉറപ്പാക്കുന്ന നിലക്ക്, നിയമപരമായ നടപടിക്രമങ്ങള്‍ സുഗമമാക്കാനും കുടുംബാംഗങ്ങളുടെ നില ഏകീകരിക്കാനും ഈ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നതായി ജവാസാത്ത് വ്യക്തമാക്കി. വേഗത്തിലും കൃത്യമായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ഉറപ്പാക്കുന്നതിന് നിര്‍ണിത ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് പ്രധാനമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തന്റെ ഭാര്യ രാജ്യത്ത് നിയമാനുസൃത ഇഖാമയില്‍ കഴിയുന്നതായും ഫാമിലി വിസിറ്റ് വിസയിലുള്ള മകന്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നതായും അറിയിച്ചും ഈ സാഹചര്യത്തില്‍ മകന്റെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാന്‍ കഴിയുമോയെന്ന് ആരാഞ്ഞും പ്രവാസികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഈ വിശദീകരണം നല്‍കിയത്. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി, ഇത് സാധ്യമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.