ജിസാൻ– കേരളത്തിൻറെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്‌മരിച്ച് ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല). ജിസാനിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ, അനുഭവങ്ങൾ പങ്കുവെച്ചും പാട്ടുപാടിയും കവിത ചൊല്ലിയും മുദ്രാവാക്യം വിളിച്ചും ജിസാനിലെ പ്രവാസി മലയാളികൾ വി.എസിന് ആദരാഞ്‌ജലികൾ അർപ്പിച്ചു. ജല പ്രസിഡൻറ് ഫൈസൽ മേലാറ്റൂരിൻറെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ പരിപാടി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. കേരളത്തിൻറെ സമര പാരമ്പര്യങ്ങളുടെ പ്രതീകവും പാവങ്ങളുടെ പോരാളിയുമായിരുന്ന വി.എസ് ഇന്ത്യയിലാദ്യമായി പ്രവാസി ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കുകയും പ്രവാസി പ്രശ്‌നങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും ചെയ്‍ത ഭരണാധികാരിയായിരുന്നുവെന്ന് യോഗം അനുസ്‌മരിച്ചു. ദേശീയ സ്വാതന്ത്ര്യ സമരം മുതൽ കേരളത്തിൻറെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പോരാട്ടങ്ങളുടെ ചരിത്രം സൃഷ്‌ടിച്ച വി.എസ് എന്നും സാധാരണക്കാരുടെ ശബ്ദമായിരുന്നുവെന്ന് അനുസ്‌മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ജല മുഖ്യരക്ഷാധികാരി വെന്നിയൂർ ദേവൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സണ്ണി ഓതറ, മനോജ് കുമാർ, സതീഷ് നീലാംബരി, എം.കെ.ഓമനക്കുട്ടൻ, വൈസ് പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, ഏരിയ ഭാരവാഹികളായ സലീം മൈസൂർ, നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷദ് അമ്പയക്കുന്നുമ്മേൽ, സഹൽ, ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, അബ്ദുൽഹക്കീം വണ്ടൂർ, സിയാദ് പുതുപ്പറമ്പിൽ, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി,വസീം മുക്കം, കോശി നിലമ്പൂർ, നിസാർ പട്ടാമ്പി, കുമാർ, ബിനു, അഷ്‌റഫ് മച്ചിങ്ങൽ, സെൽജിൻ എന്നിവർ സംസാരിച്ചു. വി.എസിനെ കുറിച്ച് തയ്യാറാക്കിയ കവിത ജല ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ആലപിച്ചു. രക്ഷാധികാരി മൊയ്‌തീൻ ഹാജി ചേലക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി അനീഷ് നായർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.