കയ്‌റോ: താബയിലെ ഹോട്ടലിൽ മൂന്നു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും വസ്തുവകകൾ നശിപ്പിച്ചതിനും രണ്ടു ഇസ്രായിലികളെ സൗത്ത് സിനായ് ക്രിമിനൽ കോടതി അഞ്ചുവർഷം തഠിന തടവിന് ശിക്ഷിച്ചു.
2024 ആഗസ്ത് 30-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹോട്ടൽ റിസർവേഷനിൽ എല്ലാ ഭക്ഷണപാനീയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാദിച്ച് രണ്ടു പ്രതികളും ഹോട്ടലിൽ തങ്ങൾക്കും കുടുംബത്തിനും മദ്യം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. എന്നാൽ, പ്രതികളുടെ വാദം ശരിയായിരുന്നില്ല. പാനീയങ്ങളുടെ വില ചോദിച്ചപ്പോൾ മരവടിയും കട്ടിയുള്ള അലൂമിനിയം കഷ്ണവും ഉപയോഗിച്ച് ഇരുവരും ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും മദ്യക്കുപ്പികൾ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ജീവനക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയുമുണ്ടായി.
തുടർന്ന് പോലീസ് രണ്ടു പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ യാതൊരുവിധ പാനീയങ്ങളും ഇല്ലാതെയാണ് ഇവർ ഹോട്ടൽ ബുക്കിംഗ് നടത്തിയതെന്ന് വ്യക്തമായി. പരുക്കേറ്റവരെ താബ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ഒരാളുടെ തലയോട്ടിക്ക് പൊട്ടലുണ്ടായതായും മറ്റൊരാൾക്ക് ശിരസ്സിനും പുരികത്തിനും കഴുത്തിനും പരുക്കേറ്റതായും കണ്ടെത്തി.
കേസ് നുവൈബ അന്വേഷണ വകുപ്പുകൾക്ക് മുന്നിലെത്തിച്ചപ്പോൾ ആക്രമണം, പൗരന്മാരെ ഭയപ്പെടുത്തൽ, ഹോട്ടൽ ജീവനക്കാരെ ദ്രോഹിക്കൽ, ഹോട്ടലിലെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തൽ, പണം നൽകാതെ സേവനങ്ങൾ നേടൽ, പരുക്കേറ്റവരിൽ ഒരാൾക്ക് അംഗവൈകല്യം വരുത്തൽ എന്നിവ അടക്കം നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾ കേസ് സൗത്ത് സിനായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ക്രിമിനൽ കോടതി വിധി പുറത്തുവന്നതോടെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.