ദോഹ– ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ കോർപറൽ ബദർ സഅദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദുസൂരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഹമാസിന്റെ അഞ്ച് അംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ അൽ-ഹിന്ദി അൽ ജസീറയോട് വ്യക്തമാക്കി. യു.എസ്. പ്രസിഡന്റിന്റെ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഖലീൽ അൽ-ഹയ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. എന്നാൽ, ഖലീൽ അൽ-ഹയ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമ്മാം അൽ-ഹയ്യയും സഹായി ജിഹാദ് ലബാദും ഉൾപ്പെടുന്നു.
ഖത്തർ ആഭ്യന്തര മന്ത്രാലയം, ദോഹയിൽ കേട്ട ശക്തമായ ശബ്ദങ്ങൾ ഹമാസ് ആസ്ഥാനത്തിന് നേരെയുള്ള ഇസ്രായേൽ ആക്രമണം മൂലമാണെന്നും സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും അറിയിച്ചു. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണത്തെ ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അടിയന്തിര വെടിനിർത്തൽ ആവശ്യമാണെന്നും ബ്രിട്ടൻ വ്യക്തമാക്കി. ആക്രമണത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഫ്രാൻസും പ്രതികരിച്ചു.