ജറൂസലം: കഴിഞ്ഞയാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഗർഭിണിയുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ കുറ്റവാളിയെ വധിച്ചതായി ഇസ്രായിൽ സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച ആക്രമണം നടന്ന സ്ഥലത്തിനു സമീപം ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ബ്രൂഖിൻ പട്ടണത്തിൽ ആയുധധാരി തങ്ങളുടെ സൈന്യത്തെ സമീപിച്ചതായി ഇസ്രായിലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുമായും പോലീസുമായും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സൈന്യം പറഞ്ഞു.
തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ, സ്‌ഫോടകവസ്തുക്കൾ നിറച്ചതായി സംശയിക്കുന്ന ബാഗ് പിടിച്ച് സൈനികരെ ശകാരിച്ചുകൊണ്ട് അയാൾ സൈന്യത്തിന് നേരെ ഓടിയടുത്തു. ഈ ഭീഷണിക്കുള്ള പ്രതികരണമായി സൈനികർ ഉടൻ തന്നെ ഭീകരനെ വധിക്കുകയായിരുന്നെന്ന് പ്രസ്താവന പറഞ്ഞു. 2025 മെയ് 14 വ്യാഴാഴ്ച ബ്രൂഖിനിനടുത്ത് വെടിവെപ്പ് നടത്തിയ തീവ്രവാദിയാണ് കൊല്ലപ്പെട്ട ഭീകരൻ നായിൽ സമാരയെന്ന് വ്യക്തമായി. നായിൽ നടത്തിയ വെടിവെപ്പിൽ ഗർഭിണിയായ സീല ഗെസ് കൊല്ലപ്പെട്ടിരുന്നു.
ബ്രൂഖിനിലെ ഇസ്രായിലി കുടിയേറ്റ കോളനിയിൽ താമസിക്കുന്ന 37-കാരിയായ സീല ഗെസ് നാലാമത്തെ പ്രസവത്തിനായി ഭർത്താവിനൊപ്പം വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് വെടിയേറ്റ് മരിച്ചത്. സിസേറിയൻ ഓപ്പറേഷനിലൂടെ സീല ഗെസിന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. കുഞ്ഞിന്റെ നില ഇപ്പോഴും ഗുരുതരമാണെന്ന് പിതാവ് പറഞ്ഞു. കൊലയാളികളെ എപ്പോഴും ചെയ്യുന്നതു പോലെ ഞങ്ങൾ പിടികൂടും, അവരോട് പോരാടും, അവരെ പരാജയപ്പെടുത്തും – അന്ന് പുറത്തിറക്കിയ വീഡിയോയിൽ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
2023 ഒക്‌ടോബർ ഏഴിന് ഇസ്രായിലിനെതിരായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ആരംഭിച്ച ഗാസ യുദ്ധത്തിന്റെ തുടക്കം മുതൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അക്രമങ്ങൾ വർധിച്ചുവരികയാണ്. 1967 മുതൽ ഇസ്രായിൽ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീൻ പ്രദേശത്തെ ഇസ്രായിലി കുടിയേറ്റ കോളനികൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. മുപ്പതു ലക്ഷം ഫലസ്തീനികൾ കഴിയുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അഞ്ചു ലക്ഷത്തോളം ജൂതകുടിയേറ്റക്കാരും താമസിക്കുന്നു.