ദോഹ– ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) അപ്പീൽ നൽകി. ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഹേഗിൽ ഐസിസി പ്രസിഡന്റ് ജഡ്ജ് തൊമോകോ അകാനെ, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഒസ്വാൾഡോ സലാവ, രജിസ്ട്രാർ ഒസ് വാൾഡോ സവാല എന്നിവരുമായി ചർച്ച നടത്തി. ഇസ്രായേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് സംഘം ഐസിസിയെ അറിയിച്ചു.
അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാഷ്ട്രങ്ങൾ സംയുക്ത പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ദോഹയിൽ ചേർന്ന ജിസിസി പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. ജിസിസി രാഷ്ട്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു. ഇതിൽ ഏകീകൃത സൈനിക കമാൻഡ് വഴി ഇന്റലിജൻസ് വിവരങ്ങൾ കൈമാറൽ, അംഗരാഷ്ട്രങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിവരങ്ങൾ പങ്കുവെക്കൽ, ബാലിസ്റ്റിക് മിസൈലുകൾക്കെതിരെ സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കൽ, പ്രതിരോധ പദ്ധതികൾ നവീകരിക്കൽ, സംയുക്ത സൈനികാഭ്യാസം നടത്തൽ എന്നിവ ഉൾപ്പെടുന്നു.
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജിസിസിയിലെ ആറ് അംഗരാഷ്ട്രങ്ങളുടെ പ്രതിരോധ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും പങ്കെടുത്തു.