Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    • മാസ് റിയാദ് കുടുംബ സംഗമം നടത്തി
    • 100 രൂപയുടെ രാഖി ഡെലിവർ ചെയ്തില്ല; ആമസോൺ 40,000 നഷ്ടപരിഹാരം നൽകണമെന്ന് തർക്കപരിഹാര കമ്മീഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ഒരിടപോലും ഇടറാതെ അഷ്റഫ്, റഹീം മോചന വഴിയിലെ തളരാത്ത പോരാട്ടം

    വഹീദ് സമാൻBy വഹീദ് സമാൻ18/04/2024 Gulf Saudi Arabia 10 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അഷ്റഫ് വേങ്ങാട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജീവിതത്തിലേക്ക് നിറകൺചിരിയോടെ അബ്ദുറഹീം നടന്നെത്തുമ്പോൾ ഉള്ളാകെ പൂത്തുലഞ്ഞു സന്തോഷിക്കുന്ന ഒരാളുണ്ട്. ഒരിടപോലുമിടറാതെ കഴിഞ്ഞ പതിനേഴ് വർഷം  റഹീമിന് വേണ്ടി ഉള്ളും പുറവും വേവുന്ന ചൂടിലും പതറാതെ പിടിച്ചുനിന്ന ഒരാൾ. റഹീമിന്റെ ഉമ്മയുടെ കണ്ണിർ ഇടനെഞ്ചിൽ എരിയുന്ന കനലായി കൊണ്ടുനടന്ന ഒരാൾ. വിലങ്ങഴിച്ച് റഹീം ജീവിതത്തിലേക്ക് നടന്നിറങ്ങി വരുമ്പോൾ ഓരംചാരി കാത്തുനിൽക്കുന്നുണ്ടാകും ഈ അഷ്റഫ്. റഹീമിന്റെ മോചനത്തിന് വേണ്ടി റിയാദിലെ കോടതികളിൽ കയറിയിറങ്ങിയും പൊതുസമൂഹത്തിൽ ഈ വിഷയം സജീവമാക്കി നിർത്തുകയും ചെയ്ത സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിനെ മോചിപ്പിക്കാനാവശ്യമായ 34 കോടി രൂപ ദിയാധനം(മോചനദ്രവ്യം) സ്വരൂപിക്കുന്നതിന്റെ നേതൃത്വവും അഷ്റഫ് വേങ്ങാട്ടിനായിരുന്നു. തിരയൊടുങ്ങിയിട്ടും അലകളവസാനിക്കാത്തൊരു കടലു കണക്കെയാണ് ഇപ്പോഴും അബ്ദുൽ റഹീം മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. റഹീമിനെ മരണത്തിന്റെ മുനമ്പിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ഏറെക്കുറെ വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ലോകം. ഇതുമായി ബന്ധപ്പെട്ട തിരക്കുകളിൽ തന്നെയാണ് അഷ്റഫ്. സമാഹരിച്ച തുക റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തിക്കുന്നത് വരെ വിശ്രമമില്ല, പിന്നീട് റഹീമിന്റെ ജയിൽ മോചനം സാധ്യമാകുന്നത് വരെയും. റമദാൻ മാസം തുടങ്ങുന്നതിന് മുമ്പ് റിയാദിൽനിന്ന് നാട്ടിലെത്തിയ അഷ്റഫ് ഈ പോരാട്ടത്തെ മുന്നിൽനിന്ന് നയിച്ചു. ഈ തിരക്കുകൾക്കിടയിൽനിന്ന് അഷ്റഫ് വേങ്ങാട്ട് ദ മലയാളം ന്യൂസുമായി സംസാരിക്കുന്നു. 

    അഷ്റഫ് വേങ്ങാട്ട് ദ മലയാളം ന്യൂസ് പ്രതിനിധി വഹീദ് സമാനുമായി സംസാരിക്കുന്നു.

    അബ്ദുൽ റഹീം കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം 

    2006 ഡിസംബർ 25-നാണ് അബ്ദുറഹീം ജയിലിലാകുന്നത്. അതിന് തലേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ, ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീം റിയാദിൽ എത്തിയത്. ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു റഹീം എത്തിയത്. (18.11.2006). വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്റെ ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 

    24.12.2006ന് അനസിനെയുമായി ജി.എം.സി കാറിൽ  പുറത്തുപോയതായിരുന്നു റഹീം. പിൻസീറ്റിൽ പ്രത്യേകം തയ്യാറാക്കിയ സീറ്റിലാണ് അനസ് ഇരിക്കുന്നത്. കാർ ഓടിക്കൊണ്ടിരിക്കെ റോഡിൽ സിഗ്നൽ പ്രത്യക്ഷപ്പെട്ടു. സ്വാഭാവികമായും അബ്ദുൾ റഹീം സിഗ്നലിൽ വാഹനം നിർത്തി. റെഡ് സിഗ്നൽ പരിഗണിക്കാതെ കാറെടുക്കാൻ അനസ് ആവശ്യപ്പെട്ടു. എന്നാൽ അതിന് റഹീം തയ്യാറായില്ല. പ്രകോപിതനായ അനസ് വഴക്കിടുകയും അബ്ദുൾ റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു.  അത് തടയുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ തട്ടി. ഇതോടെ അനസ് അബോധാവസ്ഥയിലായി. റിയാദിലെ അൽ അസീസിയ ഏരിയയിലെ ഹൈപ്പർ പാണ്ട മാർക്കറ്റിന് സമീപത്തായിരുന്നു ഇത്. തുടർന്ന് റഹീം തന്റെ ബന്ധുവായ നസീറിനെ ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദ് നസീർ എത്തി അനസിനെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടിയെങ്കിലും വിജയിച്ചില്ല. പിന്നീട് പോലിസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയു ചെയ്തു. 

    റഹീമിന്റെ സംഭവം പുറംലോകമറിയുന്നത്

    റിയാദിലെ മാധ്യമ പ്രവർത്തകരായ ഷക്കീബ് കൊളക്കാടനും നജീം കൊച്ചുകലുങ്കും മറ്റൊരു കേസുമായി ബന്ധപെട്ട ജയിൽ സന്ദർശനത്തിനിടെയാണ് രണ്ട് മലയാളികൾ ജയിലിൽ കഴിയുന്നുണ്ടെന്ന സംഭവം അറിഞ്ഞത്. ഇക്കാര്യം ഇവർ പുറംലോകത്തെ അറിയിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശികളാണെന്നായിയുന്നു വിവരം. അപ്പഴേക്കും കേസിന്റെ പ്രാഥമിക നടപടിക്രമങ്ങളും അന്വേഷണവുമെല്ലാം ഏറെ മുന്നോട്ട് പോയിരുന്നു. അങ്ങിനെയാണ് കേസിൽ ഇടപെടുന്നത്. 

    വൈകാതെ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും എംബസിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടുന്ന അബു മിസ്ഫർ എന്ന സൗദി അഭിഭാഷകന്റെ സഹായത്തോടെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. കോടതി നടപടികൾക്ക് പുറമെ ഇദ്ദേഹം നിരന്തരം കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും മരിച്ച യുവാവിന്റെ മാതാവിന്റെ വിസമ്മതം കാരണം പരിഹാര ശ്രമങ്ങളൊന്നും തന്നെ വിജയം കണ്ടില്ല. തുടർന്ന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ സർവകക്ഷി നിയമ സഹായ സമിതി രൂപീകരിച്ച് മുന്നോട്ടുപോയി. റഹീം നിയമ സഹായ സമിതി കേസിന്റെ കാര്യങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചതിനെ തുടർന്ന് ആ വഴിക്കുള്ള നീക്കങ്ങളും തുടങ്ങി. എംബസിയിലെ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു ചുമതല. കോടതിയിൽ റഹീം പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങൾ പരിഭാഷകരുടെ സഹായത്താൽ വക്കീൽ ബോധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കേസിന്റെ വിചാരണയിലൊന്നും റഹീമിന് അനുകൂലമായ സാഹചര്യം ഉണ്ടായില്ല. കേസിൽ മെഡിക്കൽ റിപ്പോർട്ടും റഹീമിന് അനുകൂലമായിരുന്നില്ല.  കേസിന്റെ വിവിധ ഘട്ടങ്ങളിൽ മുഹമ്മദ്‌ കുട്ടി കടന്നമണ്ണ, അബ്ദു റഹ്‌മാൻ മദീനി, അബ്ദുറസാക്ക് സലാഹി, മുഹമ്മദ്‌ നജാത്തി എന്നിവരായിരുന്നു പരിഭാഷകരായി സഹായിക്കാൻ എത്തിയത്. 

    കുറ്റക്കാരനാണെന്ന് കണ്ടെത്തി 02.02.2011-ന് റിയാദ് പബ്ലിക് കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്ന് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് ദയാഹരജി സമർപ്പിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കേരള സർക്കാറുകളുമായും ബന്ധപ്പെട്ടു. തുടർന്നുള്ള വിചാരണ വേളകളിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും അതിനാൽ പ്രതിക്കെതിരെ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും മരിച്ച യുവാവിന്റെ അഭിഭാഷകൻ വാദിച്ചു. 

    റഹീം സൗദിയിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നും കൊല്ലപ്പെട്ടയാളും തമ്മിൽ ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നും റഹീമിന്റെ അഭിഭാഷകൻ വാദിച്ചു . തുടർന്ന് ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ വാദിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലെത്താൻ കോടതിക്ക് കഴിഞ്ഞില്ല. ഒടുവിൽ കോടതി ഇരയുടെ പിതാവിനോട് കോടതിയിൽ ഹാജരായി തന്റെ മകനെ മനഃപൂർവം ബോധപൂർവം കൊലപ്പെടുത്തിയതാണെന്ന് ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിതാവ് ഫായിസ് അബ്ദുല്ല അൽ ശഹ്‌രി ഇത് നിരസിച്ചു. ഇതിനിടെ റഹീമിനൊപ്പം ജയിലിലായ നസീർ ജാമ്യത്തിൽ പത്ത് വർഷത്തോളമുള്ള ജയിൽശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. 

    വിചാരണവേളയിൽ മുഴുവൻ കേസ് രേഖകളും പ്രതികളുടെ മൊഴികളും പരിശോധിച്ച റിയാദ് പബ്ലിക് കോടതിയുടെ പ്രത്യേക ബെഞ്ച് വധശിക്ഷ നൽകണമെന്ന ഉത്തരവ് റദ്ദാക്കി. ഇരയുടെ നിയമപരമായ അവകാശികൾക്ക് സ്വകാര്യ അവകാശങ്ങൾ സംബന്ധിച്ച് ദിയാധനം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് 12.10.2017 ന് വിധി പുറപ്പെടുവിച്ചു. ഇതൊരു അനുകൂലമായ സാഹചര്യമായാണ് കണ്ടിരുന്നുവെങ്കിലും സൗദി കുടുംബം റിയാദ് ക്രിമിനൽ കോടതിയിൽ വീണ്ടും അപ്പീൽ നൽകി. വാദം പൂർത്തിയാക്കിയ കോടതി, 31.10.2019-ന് രണ്ടാം തവണയും വധശിക്ഷ വിധിച്ചു. വിധിക്കെതിരെ വീണ്ടും സൗദി ഭരണാധികാരി സൽമാൻ രാജാവിന് ദയാഹരജി സമർപ്പിച്ചു. റിയാദ് അപ്പീൽ കോടതിയിലും അപ്പീൽ നൽകി. അപ്പീൽ കോടതി വാദം 03.10.2021 വരെ തുടർന്നു. അപ്പീൽ കോടതിക്കും അന്തിമ തീരുമാനത്തിലെത്താനായില്ല. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് കേസ് പുതുതായി രൂപീകരിച്ച ഡിവിഷൻ ബെഞ്ചിന് വിട്ടു. ഈ ബെഞ്ചും റഹീമിന് വധശിക്ഷ വിധിച്ചതോടെ പ്രതീക്ഷകളെല്ലാം അടഞ്ഞു. കേസിന്റെ സംക്ഷിപ്ത രൂപമാണിത്. അബു മിസ്ഫർ, അബുഫൈസൽ, അലി ഹൈദാൻ എന്നിവരായിരുന്നു റഹീമിന് വേണ്ടി വാദിച്ച അഭിഭാഷകർ. 

    ഒത്തുതീർപ്പ് ചർച്ചകൾ 

    പതിനെട്ടോളം വർഷത്തെ ചരിത്രം  പിരിമുറുക്കത്തിന്റേതാണ്. ആകാംക്ഷയുടേതും. നിരന്തരമായ നടപടിക്രമങ്ങളിൽ ചിലതെല്ലാം ഓർത്തെടുക്കാനാകുന്നില്ല. കേസ് കോടതിയിൽ നടക്കുന്നതിനിടെ നിരവധി ഘട്ടങ്ങളിൽ വിവിധ തലങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൊല്ലപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അൽ ശഹ്രിയുമായി തുടക്കത്തിൽ തന്നെ പല തവണ നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംസാരിച്ചത്. ഞങ്ങളോട് സംസാരിക്കാൻ അദ്ദേഹം വീട്ടിൽനിന്ന് പുറത്തിറങ്ങി വന്ന് ഞങ്ങളോട് സംസാരിച്ചു. നിങ്ങൾ തൽക്കാലം കാത്തിരിക്കണമെന്നും അനസിന്റെ മാതാവ് സാധാരണ നിലയിൽ ആയിട്ടില്ലെന്നും അവരെ കാര്യം പറഞ്ഞ് മനസിലാക്കാൻ സാവകാശം വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. 

    എങ്കിലും നിരവധി തവണ അദ്ദേഹവുമായി കേസിന്റെ വിചാരണക്കിടയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ബേപ്പൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്കൊപ്പമായിരുന്നു അനസിന്റെ വീട് സന്ദർശിച്ചിരുന്നത്. ഇതിനിടെ 2013-ൽ റോഡ് അപകടത്തിൽ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അൽ ശഹ്‌രി മരണപെട്ടത് റഹീമിന്റെ കേസ് അനിശ്ചിതമായി നീളാൻ മറ്റൊരു കാരണമായി. ഇതോടെ പിതാവിനെ ബന്ധപ്പെട്ടുള്ള ചർച്ച നിലച്ചു. മരിച്ച അനസിന്റെ ഉമ്മ, ജേഷ്ഠ സഹോദരൻ, അനിയൻ എന്നിവരായിരുന്നു പിന്നീട് വാദിഭാഗത്തുണ്ടായിരുന്നത്. ഇവരാരും ഇവ്വിഷയത്തിൽ സംസാരിക്കാൻ താല്പര്യം കാട്ടിയില്ല. 

    ഇതിനിടെ, അക്കാലത്തെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ് കേസിൽ സജീവമായി ഇടപെട്ടു. അന്ന് സൗദി കിരീടാവകാശിയായിരുന്ന സൽമാൻ രാജകുമാരനുമായി അഹമ്മദ് സാഹിബിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. എന്നാൽ കേസ് കോടതിയിൽ ആയതിനാൽ ആർക്കും ഇതിൽ ഇടപെടാനാകുമായിരുന്നില്ല. കൂടാതെ പിൽകാലങ്ങളിൽ മുൻ മുഖ്യമന്ത്രി പരേതനായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ്‌ ബഷീർ എം.പി, എ പി അബൂബക്കർ മുസ്ലിയാർ, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ്‌ ചെയർമാനുമായ എം എ യൂസഫലി , ഡോ. എം കെ മുനീർ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇടപെട്ടുവെങ്കിലും അനുകൂലമായ നീക്കങ്ങൾ ഉണ്ടായില്ല. 

    ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ യൂസഫ് കാക്കഞ്ചേരിയുടെ സജീവമായ ഇടപെടൽ ഏറെ ഗുണകരമായിരുന്നു. എംബസി പ്രതിനിധിയെന്ന നിലക്ക് അഭിഭാഷകർക്കൊപ്പം മികച്ച രീതിയിൽ അദ്ദേഹം ഇടപെട്ടു. അവധി ദിവസങ്ങളിൽ പോലും ഇതിനായി മണിക്കൂറുകളോളം ചെലവിടുകയും ചെയ്തു. എംബസിയുമായുള്ള റഹീം സഹായസമിതിയുടെ ഇടപെടലുകൾ വേഗത്തിലാക്കിയതും യൂസഫ് കാക്കഞ്ചേരിയായിരുന്നു. 

    യൂസഫ് കാക്കഞ്ചേരി

    ഒത്തുതീർപ്പ് ശ്രമത്തിന് പലരെയും റഹീം നിയമസഹായ സമിതി സമീപിച്ചിരുന്നു. വക്കീലുമാരുമായും വാദി ഭാഗം അഭിഭാഷകരുമായും എംബസിയുടെയും സമിതിയുടെയും പ്രതിനിധിയായി പ്രവർത്തിച്ച യൂസഫിന്റെ ശ്രമങ്ങൾ ഈ കേസിലെ നിർണ്ണായക ഇടപെടലുകളാണ് . കേസ് ഒത്തുതീർപ്പാക്കുന്നതിന് പല വഴികളും ഈ സമയത്തെല്ലാം ചെയ്യുന്നുണ്ടായിരുന്നു. റിയാദ് ഗവർണറേറ്റ്, അസീർ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വഴികളിലെല്ലാം നീക്കങ്ങൾ നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. 

    അന്തിമ വിധി, നിരന്തര പോരാട്ടം

    കേസിൽ അന്തിമ വിധി വന്നതോടെയാണ് റഹീമിനെ എന്തുവില കൊടുത്തും രക്ഷിക്കണമെന്ന തീരുമാനം റിയാദിലെ മലയാളി സമൂഹവും റഹീമിന്റെ കുടുംബവും നാട്ടുകാരും കൂട്ടായി എടുക്കുന്നത്. അതിനായി റിയാദിലെ മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ചു. ആ യോഗത്തിൽ വെച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലുണ്ടാകും എന്ന ഉറപ്പു നൽകി. ഇതൊരു ആത്മധൈര്യമായിരുന്നു.പ്രവാസ ചരിത്രത്തിൽ മുൻ മാതൃകകളില്ലാത്ത ഒരു പോരാട്ടത്തിന് കരുത്തുപകർന്നത് റിയാദിലെ ഈ യോഗമായിരുന്നു. യോഗത്തിന് എത്തുമ്പോൾ എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ആകെയുള്ളത് റഹീമിന്റെ ഉമ്മയുടെ കണ്ണീര് വീണ് പൊള്ളിയ എന്റെ ഇടനെഞ്ചിലെ കനൽ മാത്രമായിരുന്നു. ന്റെ കുട്ടിനെ കിട്ടൂലേ അഷ്രഫേ എന്ന ഉമ്മ ഫാത്തിമയുടെ കണ്ണീര്. ഒരിക്കലും തോരാത്ത ആ കണ്ണീരിന് മുന്നിൽ ഞാൻ ഇടറിവീണിരുന്നു. എന്നെ എഴുന്നേൽപ്പിച്ചത് റിയാദിലെ ഈ യോഗമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി റഹീമിനെ രക്ഷിക്കാൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുപറഞ്ഞു. ആ ഒരു ഉറപ്പ് മതിയായിരുന്നു. പ്രവാസ ചരിത്രത്തിലെ ഒരു പുതിയ പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. (ഇത് പറയുമ്പോൾ അഷ്റഫ് വേങ്ങാട്ട് വിതുമ്പുന്നുണ്ടായിരുന്നു.) 

    മുഖ്യധാരാ സംഘടനകളുടെയും മറ്റു എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ചേർത്ത് സർവകക്ഷി സമിതി പുനഃസംഘടിപ്പിച്ചു. ദിയാധനം സ്വീകരിച്ച് കുടുംബം റഹീമിന് മാപ്പുനൽകുന്നത് സംബന്ധിച്ച് തുടക്കത്തിൽ ഞങ്ങൾക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാൽ അഭിഭാഷകരുമായുള്ള ചർച്ചക്കിടെ മരിച്ച അനസിന്റെ പേരിൽ പള്ളിയുണ്ടാക്കുകയെന്ന ആഗ്രഹം സൗദി കുടുംബത്തിന് ഉണ്ടെന്ന് മനസ്സിലാക്കി ആ രീതിയിൽ സംസാരിച്ചു. ഇത്തരമൊരു ആവശ്യം വന്നാൽ ഉടൻ സഹായിക്കാൻ സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി അറിയിച്ചതായി ആ ഘട്ടത്തിൽ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദുണ്ണി അറിയിച്ചിരുന്നു. സൗദി കുടുംബത്തിന്റെ അനുമതി കോടതി വഴി ലഭിച്ചാൽ പള്ളി നിർമിച്ചുകൊടുക്കാനാണ് ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചത്. അതോടൊപ്പം സൗദിയിലെ പ്രമുഖ ബാങ്കിങ് ഗ്രൂപ്പായ അൽറാജ്ഹി ഗ്രൂപ്പും പള്ളി നിർമ്മിച്ചുകൊടുക്കാമെന്ന് അറിയിച്ചു. അൽ റാജ്ഹി ഗ്രൂപ്പിലെ സെയിൽസ് എക്സിക്യൂട്ടിവ് ഫൈസൽ വടകര മുഖേനയായിരുന്നു അൽ റാജ്ഹിയെ സമീപിച്ചത്. 

    എന്നാൽ പിന്നീട് കുടുംബം ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി. അനസിന്റ മാതാവ് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവുന്നില്ലന്നായിരുന്നു അഭിഭാഷകർ അറിയിച്ചത്. വധശിക്ഷ തന്നെ വേണം എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. എങ്കിലും ഞങ്ങൾ പിന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പണം സ്വീകരിച്ചുള്ള മാപ്പു നൽകലിന് കുടുംബം തയ്യാറായത്. പിന്നീട് ഇതനുസരിച്ചുള്ള ചർച്ചകൾക്ക് നിയമ സഹായ സമിതിയിലും റഹീമിന്റെ കുടുംബത്തിലും തുടക്കമായി. റഹീമിന്റെ സഹോദരങ്ങളായ നസീർ, സലീം, അമ്മാവൻ അബ്ബാസ്, ബന്ധുക്കളായ യൂനിസ്, ഇസ്മായിൽ എന്നിവരും മുഴുവൻ സമയത്തും രംഗത്തിറങ്ങി. 

    ഒരു മില്യൺ റിയാലിൽനിന്നായിരുന്നു ദിയാധന ചർച്ച തുടങ്ങിയത്. 15 മില്യൺ റിയാൽ നൽകിയാൽ ശ്രമിക്കാമെന്നായി അഭിഭാഷകർ. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദിയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്. 

    മറ്റൊരു ഇടപെടലും ഇക്കാര്യത്തിലുണ്ടാവരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കൽ നിന്ന് പവർ ഓഫ് അറ്റോർണി എംബസിയുടെ പേരിലാക്കി. ആ കരാനുസരിച്ച് പതിനഞ്ച് മില്യൺ റിയാലിന് മൂല്യമനുസരിച്ച് മുപ്പത്തിനാല് കോടിയോളം രൂപയായിരുന്നു  ആവശ്യം ഉണ്ടായിരുന്നത് . ഈ തുക എങ്ങിനെ സംഘടിപ്പിക്കുമെന്ന കടുത്ത ആശങ്കയിലായിരുന്നു ആദ്യം. റിയാദിലെ മലയാളി സമൂഹം പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയതോടെ ധൈര്യപൂർവം കാര്യങ്ങൾ നീക്കി. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളുമായും മാധ്യമ പ്രവർത്തകരുമാ യും ആശയവിനിമയം നടത്തി. എല്ലാവരും പൂർണ്ണ സഹായം വാഗ്ദാനം ചെയ്തു. 

    ലോകകേരള സഭ പ്രതിനിധി എന്ന നിലയിൽ ഞാൻ 2022-ലെ ലോക കേരള സഭയിലും റഹീം വിഷയം ഉന്നയിച്ചു. സ്പീക്കർ ടി.വി രാജേഷ് അടക്കമുള്ളവർ സഹായം വാഗ്ദാനം ചെയ്തു. നോർക്കയും സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിനകം നാട്ടിൽ ട്രസ്റ്റ് രൂപീകരിച്ചു. കെ. സുരേഷ് കുമാർ(കോൺഗ്രസ്) കെ.കെ ആലിക്കുട്ടി മാസ്റ്റർ (മുസ്ലിം ലീഗ്), എം. ഗിരീഷ് (സി.പി.എം) എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റി പിന്നീട് ഇവർ മൂന്ന് പേരും ട്രസ്റ്റികളായി അബ്ദുറഹീം ലീഗൽ അസിസ്റ്റൻസ് ട്രസ്റ്റ് ആയി രൂപപ്പെടുത്തി.

    റിയാദിലും സമാന്തരമായി കമ്മിറ്റി രൂപീകരിച്ചു. സി.പി മുസ്തഫ ചെയർമാനും അബ്ദുൽ കരീം വല്ലാഞ്ചിറ ജനറൽ കൺവീനറും സെബിൻ ഇഖ്ബാൽ ട്രഷററുമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെ ഏൽപിച്ചു. 

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, എം കെ രാഘവൻ, എളമരം കരീം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അഡ്വ.പി എം എ സലാം, ടി.പി അബ്ദുല്ലകോയ മദനി, ഹുസൈൻ മടവൂർ, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവരും താമരശേരി ബിഷപ്പും പിന്തുണ വാഗ്ദാനം ചെയ്തു. 

    ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെ.എം.സി.സി ഭാരവാഹികൾക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സഹായം അഭ്യർത്ഥിച്ച് കത്തെഴുതിയിരുന്നു . ഫണ്ട് സമാഹരണം ആപ് വഴിയാക്കണമെന്ന ആഗ്രഹം സേവ് അബ്ദുറഹീം എന്ന ആപ്പ് നിർമ്മിക്കുന്നതിലെത്തി. സുതാര്യമായ രീതിയിൽ ഫണ്ട് സമാഹരിക്കാൻ ആപ് ഏറെ പ്രയോജനപ്പെടുമെന്നും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ യഥാസമയം ലോകത്തെ അറിയിക്കാനും അവർക്ക് ആപ് വഴി തന്നെ റസീപ്റ്റ് ലഭ്യമാക്കാനും കഴിയുന്നതോടെ പൊതുജന ശ്രദ്ധ നിലനിർത്താൻ സാധിക്കുമെന്നായിരുന്നു പ്രേരകം. 

    എന്നാൽ ഈ സംവിധാനം എല്ലാവരിലേക്കും എത്തുന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചെങ്കിലും അക്കാര്യത്തിൽ പൂർണ്ണ പ്രതീക്ഷ ഉണ്ടായിരുന്നു . ഈ മേഖലയിലെ വിദഗ്‌ധനായ പി എം എ സമീറുമായും കൂടിയാലോചിച്ചപ്പോൾ ജീവകാരുണ്യ മേഖലയിലെ ആദ്യപരീക്ഷണം എന്ന നിലയിൽ നടപ്പാക്കാൻ തന്നെ ഉറപ്പിച്ചു. ആപ് ഡൗൺലോഡ് ചെയ്യുന്നതും മറ്റും ആളുകളിലേക്ക് ഈ സന്ദേശം എത്തില്ലെന്ന രീതിയിൽ പലരും ഭയപെടുത്തിയിരുന്നു. എല്ലാം അല്ലാഹുവിൽ തവക്കുൽ (സമർപ്പണം) ആക്കി നാട്ടിലെ സഹായ സമിതിയുടെ പേരിൽ ആപ്പ് ലോഞ്ച് ചെയ്തു. കോഴിക്കോട് വെച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻഹാജിയാണ് ആപിന്റെ ലോഞ്ചിങ് നിർവഹിച്ചത്. നേരത്തെ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റി ഓഫീസിന് വേണ്ടി പണം പിരിക്കാൻ ഉപയോഗിച്ച് വിജയിച്ച ആപ് നിർമിച്ച മലപ്പുറത്തെ സ്പൈൻ കോഡായിരുന്നു ആപിന്റെ നിർമ്മാതാക്കൾ. റഹീം നിയമസഹായ സമിതിയുടെ ഓഡിറ്ററും പി.എം.എ അസോസിയേറ്റ്സ് എം ഡിയുമായ ഷമീർ (ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി) വഴിയാണ് സ്പൈൻ കോഡിനെ സമീപിച്ചത്. ദ്രുതഗതിയിൽ അവർ ആപ്പു നിർമ്മിച്ചു തന്നു. 

    ആപ്പ് ലോഞ്ച് ചെയ്യാൻ നിശ്ചയിച്ച ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ മാധ്യമ ശ്രദ്ധ അല്പം കുറവ് വന്നു. പരസ്യപ്പെടുത്താൻ സോഷ്യൽ മീഡിയയും ഒപ്പം മാധ്യമങ്ങളെയുമാണ് ആശ്രയിച്ചത്. തുടക്കത്തിൽ പണപ്പിരിവ് മന്ദഗതിയിലായപ്പോൾ ഏറെ ഭയം തോന്നിയിരുന്നു . മുന്നിലുള്ള സമയം തീരെ കുറവാണ്. എന്ത് ചെയ്യുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. ഇതിനിടെ നിരവധി സെലിബ്രിറ്റികളെ കോടമ്പുഴയിൽ എത്തിച്ചു. അവരെല്ലാം വീഡിയോ ചെയ്തു. ഫിറോസ് കുന്നുംപറമ്പിൽ, ഷമീർ കുന്ദമംഗലം തുടങ്ങി നിരവധി പേർ കോടമ്പുഴയിൽ നേരിട്ടെത്തി റഹീമിന്റെ ഉമ്മയുടെ കണ്ണീർ ലോകത്തെ അറിയിച്ചു. മാധ്യമങ്ങൾ വാർത്തകൾ നൽകി.  ബോബി ചെമ്മണ്ണൂർ ക്യാംപയിനുമായി രംഗത്തെത്തി. എല്ലാം കൂടി ആയതോടെ ആപ്പിൽ പണത്തിന്റെ വരവ് കൂടാൻ തുടങ്ങി. ഏപ്രിൽ പതിനാലിനായിരുന്നു പണപ്പിരിവ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ പണപ്പിരിവ് കൂടുതൽ ഊർജിതമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച(ഏപ്രിൽ-12) സംഗതികൾ ആകെ മാറിമറിഞ്ഞു. ആപ്പിലേക്ക് ഓരോ സെക്കന്റിലും പണത്തിന്റെ കുത്തൊഴുക്കായിരുന്നു. എല്ലാ പുഴകളും കടലിലേക്കെന്ന പോലെ പണം ഒഴുകിയെത്തി. പള്ളികളിലും റോഡിലുമെല്ലാം വേറെയും പിരിവുകൾ. റമദാനിന് ശേഷമുള്ള ആദ്യ വെള്ളിയായിരുന്നു അന്ന്. 

    പൊരിവെയിലത്ത് ആളുകൾ റോഡിൽനിന്ന് പിരിക്കുന്നു. ഞാൻ ആ സമയത്ത് മലപ്പുറത്ത് പോയി മടങ്ങിവരികയായിരുന്നു. ആരാണെന്ന് അറിയാത്ത റഹീമിന് വേണ്ടി സഹോദരങ്ങൾ തെരുവിൽനിന്ന് ശക്തിയെറിയ വെയിലത്ത് പിരിച്ചെടുക്കുന്നത് കണ്ടു കണ്ണുനിറഞ്ഞു. ഞാൻ വീണ്ടും വണ്ടി തിരിച്ച് അവരുടെ അടുത്തെത്തി. വെയിലുകൊണ്ട് ക്ഷീണിക്കരുതെന്നും പിരിച്ച തുക വേഗത്തിൽ എത്തിച്ചില്ലെങ്കിൽ ഒരു പക്ഷേ ഫണ്ട് സമാഹരണം അവസാനിപ്പിക്കുമെന്നും നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകില്ലെന്നും പറഞ്ഞു. ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ പിന്നീടവർ ആകാംക്ഷയോടെ കാര്യങ്ങൾ അന്വേഷിച്ചു. മലപ്പുറം ജില്ലയിലെ മൊറയൂരിൽ വെച്ചായിരുന്നു ഇത്. ഇതുപോലെ നാട് മുഴുവനും റഹീമിന് വേണ്ടി കൈകോർത്തപ്പോഴാണ് ആപ് ചലിച്ചതും ദൗത്യം പൂർത്തിയായതും. ഉച്ചക്ക് മൂന്നു മണിയോടെ ആപ്പിൽ മുപ്പത് കോടി കവിഞ്ഞു. അതോടെ ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. പല ഭാഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക വീണ്ടുമെത്താനുണ്ടായിരുന്നു . റഹീമിന് ആവശ്യമായ തുക മാത്രം പിരിച്ചെടുത്താൽ മതിയെന്ന് ആദ്യം തന്നെ ധാരണയുണ്ടായിരുന്നു. ഒരു വലിയ പോരാട്ടത്തിന്റെ വിജയകരമായ പര്യവസാനത്തിനാണ് വെള്ളിയാഴ്ച സാക്ഷിയായത്. 

    പണം തികഞ്ഞില്ലെങ്കിൽ ആവശ്യമായ ബാക്കി ആവശ്യമായി വരുന്ന തുക നൽകാമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അറിയിച്ചിരുന്നു. എന്നാൽ, അതിന് മുമ്പു തന്നെ പണം തികഞ്ഞു. കേസിന്റെ തുടക്കത്തിലെല്ലാം യൂസഫലി സഹായവുമായി കൂടെയുണ്ടായിരുന്നു. ലോക കേരള സഭയിൽ ഈ വിഷയം അവതരിപ്പിച്ചപ്പോഴും യൂസഫലി കേസിനെ പറ്റി പ്രതിപാദിച്ചിരുന്നു. ലുലു റീജ്യണൽ ഡയറക്ടർ ഷഹീം മുഹമ്മദുണ്ണിയുടെ സഹായവും എടുത്തുപറയേണ്ടതാണ്. 

    ഇനിയുള്ള വഴി 

    വിദേശ കാര്യ മന്ത്രാലയം വഴി സമാഹരിച്ച തുക ഇന്ത്യൻ എംബസിയിലേക്ക് എത്തിക്കുകയെന്നതാണ്. അതിനായി നടപടികൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ അപ്പീൽ കോടതി സ്വീകരിച്ചു. അധികം വൈകാതെ നിയമനടപടികൾ പൂർത്തിയാക്കും. റഹീമിന് മൂന്ന് മാസത്തിനകം പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.

    ലോകമലയാളി സമൂഹമാണ് ഈ മഹാ ദൗത്യ വിജയത്തിന്റെ യഥാർത്ഥ അവകാശികൾ. ഞാനോ അല്ലെങ്കിൽ മറ്റുചിലരോ അല്ല. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാധാരണക്കാരണ്. നേരിട്ട് പരിചയമില്ലാത്ത റഹീമിന് വേണ്ടി വെയിലേറ്റതും മഴ നനഞ്ഞതും അവരാണ്. കണ്ണീരണിഞ്ഞ പ്രാർത്ഥനുമായി കൂടെ നിന്ന ലക്ഷങ്ങളാണ്. അവരോടാണ് നന്ദി പറയാനുള്ളത്. 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025
    ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    19/05/2025
    മാസ് റിയാദ് കുടുംബ സംഗമം നടത്തി
    19/05/2025
    100 രൂപയുടെ രാഖി ഡെലിവർ ചെയ്തില്ല; ആമസോൺ 40,000 നഷ്ടപരിഹാരം നൽകണമെന്ന് തർക്കപരിഹാര കമ്മീഷൻ
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.