അബുദാബി– അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ ഭവന പദ്ധതിയുടെ ആദ്യ വീടിന് ജനുവരി 16ന് തറകല്ലിടും. പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ്. ഹെല്‍ത്തുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയിലെ ആദ്യ വീടിന്‍റെ കുറ്റിയടിക്കല്‍ ജനുവരി 16ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടന്‍വിളയിലാണ് നടക്കുക. ജനപ്രതിനിധികള്‍, സമൂഹ രാഷ്ട്രീയ നേതാക്കൾ എന്നിവര്‍ പങ്കെടുക്കും.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുല്‍ ഖുവൈനില്‍ പ്രവാസിയായ തിരുവനന്തപുരം പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംസുദ്ദീനാണ് ആദ്യ വീട് നിർമിച്ച് നല്‍കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വീട് പൂര്‍ത്തീകരിച്ച് നല്‍കും. ഗള്‍ഫില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ വിഷമിക്കുന്ന പ്രവാസികളെ കണ്ടെത്തി, അവരുടെ ജീവിതത്തില്‍ സുരക്ഷിതമായ ഒരു ഭവനം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ മീഡിയ അബുദാബി ഭവനപദ്ധതി ആരംഭിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനായി ഒരു മാധ്യമ കൂട്ടായ്മ നടത്തുന്ന ഈ വേറിട്ട പ്രവർത്തനം വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സമഗ്രമായ സാമൂഹിക-സാമ്പത്തിക പരിശോധനക്കും അപേക്ഷാ മൂല്യനിര്‍ണയത്തിനും ശേഷമാണ് മെഹ്ബൂബ് ഷംസുദീനെയും കുടുംബത്തെയും ആദ്യഘട്ടത്തില്‍ വീടിന് അര്‍ഹരായി തെരഞ്ഞെടുത്തത്.



