ജിദ്ദ– വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷം വർണോജ്വലമായി സംഘടിപ്പിച്ചു. സൗദി റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ എംബസി അധികൃതർ, മാധ്യമ പ്രവർത്തകർ പൊതുജനങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാൻ പതാക ഉയർത്തി.
ഒമാനിൽ, മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് അംബാസഡർ ജിവി ശ്രീനിവാസ് നേതൃത്വം നൽകി. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്ത രാഷ്ട്രപതിയുടെ 79ാമത് സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.
യു.എ.ഇയിൽ അബൂദാബിയിലും ദുബൈലും വ്യത്യസ്ത ആചരണ ചടങ്ങുകൾ നടന്നു.അബൂദാബി ഇന്ത്യൻ മിഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ പതാക ഉയർത്തി.
ബഹ്‌റൈനിലെ മനാമയിൽ ഇന്ത്യൻ എംബസി പരിസരത്ത് നടന്ന സ്വാതന്ത്ര ദിനാചരണ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് പതാക ഉയർത്തി.
ഖത്തറിൽ ദോഹ ഇന്ത്യൻ എംബസി പരിസരത്ത് നടന്ന സ്വാതന്ത്ര്യദിനാചരണ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ പതാക ഉയർത്തി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ഉപചാരമർപ്പിച്ച് നടന്ന കലാപരിപാടിയിൽ വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്തു.
കുവൈത്തിൽ നടന്ന ചടങ്ങിൽ ഡോ. ആദർശ് സൈ്വക പതാക ഉയർത്തി. ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഗൾഫിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലും സ്വാതന്ത്ര്യദിനാചരണ ചടങ്ങുകൾ അരങ്ങേറി.