ദോഹ– ഇന്ത്യ-ഖത്തർ സാമ്പത്തിക, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഖത്തറിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-ഖത്തർ സാമ്പത്തിക, വാണിജ്യ സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ യോഗത്തിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയോടൊപ്പം പീയൂഷ് ഗോയൽ പങ്കെടുക്കും. 2025 ഫെബ്രുവരിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിച്ച വേളയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യോഗം നടക്കുന്നത്.
സന്ദർശന വേളയിൽ പീയൂഷ് ഗോയൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയെ കൂടാതെ ഖത്തർ ചേംബറിലെയും ഖത്തരി ബിസിനസ്‌മെൻ അസോസിയേഷന്റെയും പ്രമുഖരുമായും മറ്റ് ഖത്തരി ബിസിനസുകാരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ് പ്രതിനിധി സംഘവും സന്ദർശന വേളയിൽ മന്ത്രിയെ അനുഗമിക്കുന്നുണ്ട് . ദോഹയിൽ നടക്കുന്ന ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വാണിജ്യ, വ്യവസായ മന്ത്രിമാർ പ്രസംഗിക്കും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ബിസിനസ്സ് നേതാക്കളുമായും പ്രമുഖരുമായും പീയൂഷ് ഗോയൽ സംസാരിക്കും.
2024-25 ൽ ഇന്ത്യ – ഖത്തർ ഉഭയകക്ഷി വ്യാപാരം ഏകദേശം 14.2 ബില്യൺ ഡോളറിലെത്തി. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയുടെ സന്ദർശനം പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും. 2025 ഓഗസ്റ്റ് 27-28 തീയതികളിൽ ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടുപിന്നാലെയാനു ഇന്ത്യൻ മന്ത്രിയുടെ സന്ദർശനം .