അബൂദാബി– യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘ഓർഡർ ഓഫ് സായിദ് II- ഫസ്റ്റ് ക്ലാസ്’ ബഹുമതി നൽകി ആദരിച്ചു.
അബൂദാബിയിൽ നടന്ന ചടങ്ങിലാണ് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്ഥാനപതിക്ക് പുരസ്കാരം നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സമഗ്രമായ നയതന്ത്രബന്ധവും ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്റെ ആഴം ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എടുത്തു പറഞ്ഞു.
ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സഞ്ജയ് സുധീർ വഹിച്ച പങ്ക് അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സഞ്ജയ് സുധീർ നന്ദി അറിയിച്ചു.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും പ്രാദേശികമായും രാജ്യാന്തര തലത്തിലും അദ്ദേഹം വഹിക്കുന്ന സുപ്രധാന പങ്കിനെയും പ്രകീർത്തിച്ചു. ഔദ്യോഗിക ജീവിതത്തിൽ പൂർണ്ണ പിന്തുണ നൽകിയ യുഎഇ സർക്കാരിനും വിവിധ സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
https://x.com/wamnews/status/1968353036671283703?t=8lo6I7BuuV9ywNHKAWE6bg&s=19