ദോഹ– മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ “ഉമ്മൻ ചാണ്ടി ജനസേവാ” പുരസ്കാരത്തിനായി അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തതായി ഇൻകാസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പ്രമുഖ എഴുത്തുകാരി സുധാ മേനോൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അഡ്വ. വി.എസ് ജോയ് നിലവിൽ മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡണ്ട് കൂടിയാണ്.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. നാളെ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളിലാണ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി നടക്കുക. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നോർക്ക- റൂട്സ് ഡയറക്ടർ ജെ.കെ. മേനോൻ പുരസ്കാരം സമ്മാനിക്കും.
ഒരു ജനപ്രതിനിധിയല്ലാതിരിന്നിട്ട് കൂടി, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി – മത – രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തു പിടിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ജോയിയെ പുരസ്കാരത്തിന് അർഹനാക്കിയത് എന്ന് സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കൂടാതെ, പൊതുരംഗത്ത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവർത്തനങ്ങൾ, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ജനസേവന പുരസ്കാരം വരും വർഷങ്ങളിലും നൽകുമെന്നും പ്രവാസലോകത്ത് നിന്ന് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകരെ പരിഗണിക്കുമെന്നും സംഘാടകർ. ഇൻകാസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ സ്മരണക്കായി പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതായും സംഘാടകർ അറിയിച്ചു.
ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ, ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൾ റഹ്മാൻ, കോര്‍ഡിനേറ്റര്‍ ബഷീർ തുവാരിക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു