ദോഹ– ഖത്തർ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് വകുപ്പ് കുടുംബങ്ങൾക്കായി ഈ വർഷം സെപ്റ്റംബറിൽ വിതരണം ചെയ്തത് 45 കോടിയിലധികം രൂപ ( 18,829,696 ഖത്തർ റിയാൽ). രാജ്യത്തെ അർഹതപ്പെട്ട 812 കുടുംബങ്ങൾക്കായി 18,829,696 ഖത്തർ റിയാൽ സാമ്പത്തിക സഹായം കഴിഞ്ഞ മാസം വിതരണം ചെയ്തതായി സകാത്ത് കാര്യ വിഭാഗം അറിയിച്ചു .
ഇസ്ലാമിക ശരീഅത്ത് മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ട്, സുതാര്യതയോടെ സകാത്ത് ഫണ്ടുകൾ അവരുടെ യഥാർത്ഥ അവകാശികൾക്ക് എത്തിക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതിന് സകാത്ത് കളക്ഷൻ ആൻഡ് സകാത്ത് അക്കൗണ്ട്സ് വിഭാഗം മേധാവി മർവ അഹമ്മദ് അൽ-ബെനാലി പറഞ്ഞു.
രണ്ടു രീതികളിലായാണ് കുടുംബങ്ങൾക്ക് സകാത് വിതരണം ചെയ്യുന്നത്. വീട് വാടക, ഉപജീവനം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള അവശ്യ ജീവിതച്ചെലവുകൾ നിർവഹിക്കുന്നതിനായി പ്രതിമാസ സഹായം വിതരണം ചെയ്യും . ഈ ഇനത്തിൽ കഴിഞ്ഞ മാസം10,766,050 ഖത്തർ റിയാലാണ് ചിലവഴിച്ചത്. അടിയന്തിര സഹായ ഇനത്തിൽ 8,063,646 ഖത്തർ റിയാലും സെപ്റ്റംബറിൽ ചിലവഴിച്ചു. വൈദ്യചികിത്സ, ട്യൂഷൻ ഫീസ്, കടബാധ്യത തീർക്കൽ തുടങ്ങിയ സഹായങ്ങളാണ് അടിയന്തിര സഹായ വിഭാഗത്തിൽ വരുന്നത് .
ലഭിക്കുന്ന എല്ലാ അപേക്ഷകളും സൂക്ഷ്മമായ അവലോകനത്തിന് വിധേയമാക്കിയാണ് സഹായം അനുവദിക്കുന്നത്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.zakat.gov.qa വഴി ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. വ്യക്തികൾക്കും കമ്പനികൾക്കും അവരുടെ സകാത്ത് നൽകാൻ സകാത്ത് വകുപ്പിന്റെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്‌സൈറ്റ്, വിവിധ കളക്ഷൻ പോയിന്റുകൾ, എക്സ്പ്രസ് കളക്ഷൻ സർവീസ് (55199990, 55199996) എന്നിവ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.