ദുബൈ– താമസസ്ഥലത്ത് അനധികൃത മുടിമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയയാൾ പിടിയിൽ. ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ക്ലിനിക് പോലീസ് കണ്ടെത്തിയത്. മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും കണ്ടുകെട്ടുകയും പോലീസ് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ലാറ്റിലെ ഒരു റൂമിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകിയാണ് ഉപഭോക്താക്കളെ ക്ലിനിക്കിലേക്ക് ആകർഷിപ്പിച്ചിരുന്നത്. അനധികൃതമായി നടത്തുന്ന ഇത്തരം വ്യാജ ചികിത്സകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത്തരം വ്യാജ ചികിത്സകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു.