ദോഹ – ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലുള്ള സമുദ്ര സംരക്ഷണ വിഭാഗം ദോഹയുടെ വടക്കൻ ദ്വീപുകളിലെ കടൽമേഖലയിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി. ‘ഗാർഗൂർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ കെണികൾ കടൽപരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും വലിയ അപകടമാണ് സൃഷ്ടിക്കുന്നത്.
സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും, സമുദ്ര വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പുവരുത്തുകയാണ് സമഗ്ര പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി നിരവധി ഗാർഗൂർ ഉപകരണങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും വിശദീകരിച്ചു.