അബൂദാബി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്‍റെ (ഐ.ഐ.എഫ്.ടി) ദുബൈ ഓഫ്കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
ദുബൈ എക്സ്പോ സിറ്റിയിൽ ഇന്ത്യൻ പവലിയന് അനുവദിച്ച സ്ഥലത്തായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുക. ഐ.ഐ.എഫ്.ടിയുടെ ആദ്യ വിദേശകാമ്പസാണ് ദുബൈയിലേതെന്നും മന്ത്രി അബൂദാബിയിൽ പറഞ്ഞു.
തുടക്കത്തിൽ ഹ്രസ്വകാല കോഴ്സുകളും പിന്നീട് എം.ബി.എ. ഉൾപ്പെടെയുള്ള ബിരുദാനന്തര ബിരുദ പഠനസൗകര്യവും ഇവിടെ ആരംഭിക്കും.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐ.ഐ.എഫ്.ടിയുടെ ദുബൈ ക്യാമ്പസ് ആരംഭിക്കുന്നതിന് വിദ്യാഭ്യാസം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷനിൽ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു. യു.എ.ഇയിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ ക്യാമ്പസിൻ്റെ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികളായ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ക്യാമ്പസ് പ്രവേശനം നൽകും.
ഡൽഹിയിലെ ഐ.ഐ.എഫ്.ടി ക്യാമ്പസിൽ നിന്നുള്ള സാമ്പത്തിക സ്രോതസോ, അകാദമിക അടിസ്ഥാന സൗകര്യങ്ങളോ ദുബൈ ക്യാമ്പസിനായി വകമാറ്റുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിലവിൽ ഐ.ഐ.എം അഹമ്മദാബാദിനും ഡൽഹി ഐ.ഐ.ടി ക്കും യു.എ.ഇയിൽ ഓഫ് ക്യാമ്പസുകളുണ്ട്.
https://x.com/PiyushGoyal/status/1968648966976811437?t=6sa2yFQjAlwczz7MnK8I1Q&s=19