സ്നേഹത്തിന്റെ സുപ്ര വിരിച്ചാണ് മദീന ഓരോ വിശ്വാസിയെയും നോമ്പുതുറയിലേക്ക് ക്ഷണിക്കുന്നത്. ഒരിക്കൽ പങ്കെടുത്താൽ ആയുസുള്ള കാലത്തോളം മദീനയിലെ നോമ്പുതുറ വിശ്വാസിയുടെ ഓർമ്മകളിൽ അലയടിച്ചുകൊണ്ടേയിരിക്കും. ലോകത്തിന്റെ നാന ദിക്കുകളിൽ നിന്നും മദീനയിലേക്ക് വരുന്ന വിശ്വാസികളെ നോമ്പ് തുറപ്പിക്കാൻ അസറിനോട് (വൈകുന്നേരത്തെ നമസ്കാരം) തന്നെ മദീന നിവാസികൾ ഒരുക്കങ്ങൾ തുടങ്ങും.
അസർ നമസ്കാര ശേഷം നിവാസികൾ സുപ്ര വിരിക്കുന്ന കാഴ്ചയോടെ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഈ സമയം മദീനയിലെ കുട്ടികളും മുതിർന്നവരും ഹറമിൻ്റെ പാർക്കിങ്ങിൽ കാത്തിരിക്കുന്നുണ്ടാകും. സുപ്ര വിരിച്ചു കഴിഞ്ഞാൽ തദേശീയർ വാഹനങ്ങളിൽ കൊണ്ട് വരുന്ന ഭക്ഷണങ്ങൾ വിരിപ്പിൽ എത്തിക്കാനായി കുട്ടികളും മുതിർന്നവരും ഒരു പോലെ മത്സരിക്കും.
കാരക്കയും തൈരും റൊട്ടിയും ദുഖയും ഖഹ് വയും മാത്രമാണ് മദീനയുടെ പള്ളിയിലേക്ക് കടത്തുക. ഇത് ഉറപ്പുവരുത്താനായി ഗെയ്റ്റിന് പുറത്തുള്ള ചെക്കിങും റംസാൻ മാസത്തിലെ നിത്യ കാഴ്ചയാണ്. ഓരോരുത്തരും കൊണ്ടുവരുന്ന ഭക്ഷണ വിഭവങ്ങൾ കൃത്യമായി വിരിപ്പിൽ കാണും. തുടർന്ന് നോമ്പ് തുറക്കാൻ വരുന്ന വിശ്വാസികളുടെ വരവാണ്. ഇവരെ സ്വീകരിക്കാനും കുട്ടികളും മുതിർന്നവരും മുന്നിൽ തന്നെയുണ്ട്. വൂളു എടുത്തു കഴിഞ്ഞു ഓരോരുത്തരുടെയും കൈപിടിച്ച് അവർ സൽക്കരിച്ച് സുപ്രയിൽ ഇരുത്തിയാൽ മാത്രമാണ് ഇവർക്ക് തൃപ്തിയാകുക.
നോമ്പ് തുറ കഴിഞ്ഞാൽ പിന്നെ ബാക്കി വരുന്ന ഭക്ഷണസാധനങ്ങളും മറ്റും ഒക്കെ പാർക്കിങ്ങിൽ എത്തിക്കാനും മറക്കില്ല. സഹായിക്കാൻ എത്തുന്ന കുട്ടികൾക്ക് ചെറിയ പാരിതോഷികങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കാനും ഭക്ഷണം കൊണ്ടുവരുന്നവർ ശ്രദ്ധിക്കും.
ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഈ ഇഫ്താറിൽ ഒരുതരത്തിലുള്ള ബഹളമോ വിഭവങ്ങളുടെ കുറവോ ഉണ്ടാകാറില്ല. നോമ്പ് തുറക്കാൻ വരുന്നവരും അതിനു മുൻകൈയെടുത്ത് വരും എല്ലാവരും ഒരുപോലെ സന്തോഷത്തോടെയാണ് മടങ്ങുക



