ദുബൈ– ഏഷ്യാ കപ്പിൽ നിയമങ്ങൾ ലംഘിച്ചതിന് പാകിസ്ഥാനെതിരെ ഐസിസി നടപടിയെടുക്കുമെന്ന് റിപ്പോർട്ട്.
യുഎഇക്കെതിരായ മത്സരത്തിന് മുമ്പ് നിയന്ത്രിത പ്രദേശങ്ങളിൽ വീഡിയോ ചിത്രീകരിക്കുന്നതുൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചതിന് പാകിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ടീം നടത്തിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്.
ബുധനാഴ്ച യുഎഇക്കെതിരായ 41 റൺസിന്റെ വിജയത്തിനിടെ നിയമം ലംഘിച്ച് സ്റ്റേഡിയത്തിനുള്ളിൽ നിന്ന് വീഡിയോ ചിത്രീകരിച്ചതും അത് പുറത്ത് വിട്ടതുമായ പാകിസ്ഥാന്റെ നടപടിയാണ് തർക്കത്തിന് കാരണമായത്.
ഐസിസി നിയമങ്ങൾക്ക് വിരുദ്ധമായ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പിസിബിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തു.
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഗയോടും ടീം മാനേജർ നവീദ് അക്രം ചീമയോടും ക്ഷമാപണം നടത്തിയെന്ന് പിസിബി അവകാശപ്പെട്ടതോടെയാണ് വിവാദം കൂടുതൽ ശക്തമായത്.
എന്നാൽ പൈക്രോഫ്റ്റിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി.