ദുബൈ– നാട്ടിലേക്കുള്ള മടക്കയാത്രയിൽ താൻ സഞ്ചരിക്കുന്ന വിമാനത്തിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹമുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യയുടെ അനുഭവം പങ്കുവെച്ച് യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ഫെയ്സ്ബുക്കിൽ അഷ്‌റഫ് പങ്കുവെച്ച കുറിപ്പിലൂടെയാണ് വലിയ നോവിന്റെ കഥ പുറം ലോകമറിയുന്നത്.
മരിച്ച വ്യക്തിയുടെ ഭാര്യയെയും മകനെയും ഗൾഫിൽ എത്തിക്കാനും അതിന് മുമ്പ് ചികിത്സയ്ക്കമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ഒരു അറബിയാണ്. ഭർത്താവിനൊപ്പം ഭാര്യയും മകനും കുറച്ച് ദിവസം താമസിച്ചിരുന്നു. ഇതിനിടെയിലാണ് പ്രവാസിയായ ആ വ്യക്തി മരണപ്പെട്ടത്. എന്നാൽ മരണ വാര്‍ത്ത താങ്ങാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ആകില്ലെന്നു കരുതിയാണ് അവരിൽ നിന്ന് അറബി ഇക്കാര്യം മറച്ചുവെച്ചത്. പക്ഷേ മകനെ അറബി ഇക്കാര്യം അറിയിക്കുകയും ചെയ്തു.
കുടുംബം നാട്ടിലേക്ക് മടങ്ങുന്ന അതേ വിമാനത്തിൽ തന്നെ ഭർത്താവിന്റെ മൃതദേഹവും നാട്ടിലേക്കെത്തിച്ചു. ആ ഉമ്മയും മകനും സീറ്റിൽ ഇരുന്ന് പോകുമ്പോൾ അവരുടെ സീറ്റിനടിയിലായിരുന്നു ഭർത്താവിന്റെ മൃതദേഹം. നാട്ടിലെത്തിയ ശേഷം അവരെ ഭര്‍ത്താവിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചു. അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘എന്തൊരു വിധിയാണിത്!’ എന്ന് നൊമ്പരത്തോടെ കുറിച്ച അഷ്റഫ് താമരശ്ശേരി, ഈ സംഭവത്തിലൂടെ നാം തിരിച്ചറിയേണ്ടത് ആ അറബിയുടെ കരുണയെയും സ്നേഹത്തെയുമാണെന്ന് ഓർമിപ്പിക്കുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത, സ്നേഹസമ്പന്നരായ ഒട്ടേറെ അറബികൾ ഇന്നും ഈ മണ്ണിലുണ്ടെന്ന് അദ്ദേഹം പറയുന്നു. കേവലം ജോലി നൽകുന്നവനും തൊഴിലാളിയും എന്നതിലുപരി, മനുഷ്യബന്ധങ്ങളുടെ യഥാർത്ഥ മൂല്യം വെളിപ്പെടുന്ന നിമിഷങ്ങളാണിതെന്നുമാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.



