റിയാദ് – കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയിലെ ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറിയ റിയാദ് മെട്രോയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികളുടെ വന്‍ തിരക്ക് കാണിക്കുന്ന വീഡിയോ പുറത്ത്. മെട്രോ യെല്ലോ ലൈനില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സ്റ്റേഷനില്‍ നിന്ന് പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റിയിലേക്ക് പോകാന്‍ നൂറു കണക്കിന് വിദ്യാര്‍ഥിനികള്‍ മെട്രോയില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നത്.
ഉത്തര റിയാദിലെ അല്‍അഖീഖ് ഡിസ്ട്രിക്ടില്‍ കിംഗ് ഫഹദ് റോഡിലാണ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. റിയാദിലെ വ്യത്യസ്ത ഡിസ്ട്രിക്ടുകളില്‍ നിന്ന് എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന കേന്ദ്ര പോയിന്റ് ആണ് ഈ സ്‌റ്റേഷന്‍. കഴിഞ്ഞ ഡിസംബറിലാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. ഒമ്പതു മാസത്തിനിടെ മെട്രോ യാത്രക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞതായി റിയാദ് റോയല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.