സൻആ: മാരിബ് ഗവർണറേറ്റിന് വടക്കു പടിഞ്ഞാറുള്ള മജ്‌സർ ജില്ലയിലെ ഹൂത്തി മിലീഷ്യ പോസ്റ്റുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി നേതാവ് അബൂമുഹ്‌സിൻ അൽറസാസ് കൊല്ലപ്പെട്ടു. മറ്റു മിലീഷ്യ അംഗങ്ങളോടൊപ്പം അബൂമുഹ്‌സിൻ അൽറസാസ് തങ്ങിയിരുന്ന സ്ഥലം ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
മാരിബ് ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറുള്ള മജ്‌സർ ജില്ലയുടെ സുരക്ഷാ വകുപ്പ് ഡയറക്ടറായിരുന്നു അബൂമുഹ്‌സിൻ അൽറസാസ്. മാരിബ് ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ് മേഖലകളിൽ ഹൂത്തി മിലീഷ്യ പോസ്റ്റുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹൂത്തികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ശക്തികേന്ദ്രങ്ങളായ മജ്‌സർ, സർവാഹ് ജില്ലകൾ കേന്ദ്രീകരിച്ചാണ് അമേരിക്കൻ ആക്രമണങ്ങൾ നടന്നത്.