അബുദാബി– ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനം. യുഎഇ പ്രസിഡൻ്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ തീരുമാനമുണ്ടായത്.
ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലായിരിക്കും കേന്ദ്രം സ്ഥാപിക്കുക.
ഇന്ത്യയുടെ സംസ്കാരം, സാഹിത്യം, കല, പൈതൃകം എന്നിവയെല്ലാം യുഎഇ ജനതക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അബുദാബിയിലെ ശിലാക്ഷേത്രമായ ‘ബാപ്‌സ്’ പോലെ മറ്റൊരു സാംസ്കാരിക കേന്ദ്രമായി ഹൗസ് ഓഫ് ഇന്ത്യ മാറുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.



