35 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ചേർന്ന് 20 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.
അബുദാബി: പ്രതിസന്ധികളെ അതിജീവിക്കുന്ന യുഎഇയുടെ കരുത്തിനും പുരോഗതിക്കും നേതൃത്വം നൽകുന്ന യുഎഇ പ്രസിഡണ്ടിന് ആദരവർപ്പിച്ച് അബുദാബിയിൽ ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ഒന്നിച്ചുചേർന്ന് വലിയ പൂക്കളം തീർത്തു. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കിയ 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പൂക്കളം ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രധാന ആകർഷണമായി മാറി.35 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ചേർന്ന് 20 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വിസ്മയം പൂർത്തിയാക്കിയത്. നെഞ്ചിൽ കൈവച്ച് അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രമാണ് പൂക്കളത്തിന്റെ മുഖ്യ ആകർഷണം.
പരമ്പരാഗത ഒട്ടകയാത്രയിൽ തുടങ്ങി ആധുനിക ഇത്തിഹാദ് റെയിലിൽ എത്തിനിൽക്കുന്ന യുഎഇയുടെ വികസനക്കുതിപ്പ് പൂക്കളത്തിൽ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.ബിഎംസിയുടെ നടുമുറ്റത്തുള്ള സാൻഡ് പെൻഡുലം കാലത്തിന്റെയും തുടർച്ചയുടെയും ചിഹ്നമായി ഈ പൂക്കളത്തിന് മധ്യത്തിൽ നിലകൊള്ളുന്നു.
“യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ ഉയർന്നുവരും” എന്ന യുഎഇ പ്രസിഡന്റിന്റെ വാക്കുകളിൽ നിന്നാണ് ഇത്തവണത്തെ പൂക്കളത്തിന്റെ ആശയം ഉടലെടുത്തത്. രാജ്യത്തിന് മുഴുവൻ പ്രത്യാശയും ആത്മവിശ്വാസവും നൽകിയ ഈ വാക്കുകൾ തന്നെയാണ് പൂക്കളത്തിന്റെ പ്രമേയം.
യുഎഇ കൈവരിച്ച പുരോഗതിയാണ് പൂക്കളം പ്രതിനിധീകരിക്കുന്നതെന്ന് എമിറാത്തി പൗരയും ബുർജീൽ മെഡിക്കൽ സിറ്റി അസിസ്റ്റന്റ് നഴ്സിംഗ് ഡയറക്ടറുമായ അമീറ അൽ കത്തേരി പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്ന യുഎഇയുടെ മനോഭാവത്തിനുള്ള സമർപ്പണമാണ് ഈ പൂക്കളമെന്ന് ബിഎംസി, സിഇഒ ഡോ. മുജ്തബ അലി ഖാൻ വ്യക്തമാക്കി.







