ജിദ്ദ– 2026 ലെ പരിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തുന്ന 1,75,000 ഹാജിമാരുടെ യാത്ര, പുണ്യ നഗരങ്ങളിലെ പാർപ്പിടം, ഹജ് നിർവഹണത്തിലെ മറ്റ് സജ്ജീകരണങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും സൗദിയിലെത്തി.


സൗദി ഹജ് മന്ത്രാലയം അധികൃതരുമായും ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായും മറ്റ് ഹജ് മിഷൻ ഉദ്യോഗസ്ഥരുമായും സംഘം മദീന ഇന്ത്യൻ ഹജ് പിൽഗ്രിംസ് ഓഫീസിൽ ചർച്ചകൾ നടത്തി. മദീനയിൽ ഇന്ത്യൻ ഹാജിമാർക്ക് വേണ്ടി തെരഞ്ഞെടുത്ത പാർപ്പിടങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ എന്നിവയും ഇവർ പരിശോധിച്ചു. കേന്ദ്ര ഹജ് സെക്രട്ടറി രാംസിംഗ്, കേന്ദ്ര ഹജ് കമ്മിറ്റി സി. ഇ. ഒ ഷാനവാസ്, ഡയറക്ടർ നസീം അഹമ്മദ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. ഹാജിമാരുടെ സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും പുരോഗതി അതാത് സമയങ്ങളിൽ അപ്ഡേറ്റ് ചെയ്ത ഹജ് സുവിദ ആപ്ലിക്കേഷനെ കുറിച്ചും ചർച്ച ചെയ്ത ചടങ്ങിൽ പുതുതായി ചാർജെടുത്ത ഇന്ത്യൻ ഹജ് കോൺസൽ സദഫ് ചൗധരി, ഇത് വരെയുള്ള ഹജ് ഒരുക്കങ്ങൾ വിലയിരുത്തി സംസാരിച്ചു.



