ദുബായ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്‌കൂൾ പുനർനിർമാണത്തിൽ പങ്കാളികളായി യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്‌സ്.
വെള്ളാർമല സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ രണ്ട് ക്ലാസ് മുറികൾ ബിൽഡേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കി കൈമാറിയതായി ഭാരവാഹികൾ ദുബൈയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 27ന് റാസൽഖൈമ കൾചറൽ ഡെവലപ്‌മെൻറ് സെന്ററിൽ നടക്കുന്ന ‘മറായ 2025’ കൺവെൻഷനിൽ കൂട്ടായ്മയുടെ 11-ാമത് പ്രസിഡൻറായി ഡോ. സുഗു കോശി (ഉമ്മുൽഖുവൈൻ) സ്ഥാനമേറ്റെടുക്കും. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയാകും.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മേളനത്തിൽ സമ്മാനിക്കും. സുവനീർ പ്രകാശനം നടി അനാക്കലി മരക്കാർ നിർവ്വഹിക്കും. അടുത്ത രണ്ട് വർഷത്തേക്കുള്ള ‘സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷം’ എന്ന പ്രസിഡൻഷ്യൽ തീമിന്റെ ഔപചാരികമായ ഉദ്ഘാടനം എ.കെ.എം.ജി മുൻ പ്രസിഡൻറ് ഡോ.പി.എം. സിറാജുദ്ദീൻ നിർവഹിക്കും.
കൺവെൻഷന്റെ ഭാഗമായി ഏപ്രിൽ 25 വെള്ളിയാഴ്ച ദുബൈ ദേര ഹയാത്ത് റീജൻസി ഹോട്ടലിൽ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. പി.എം സിറാജുദ്ദീൻ, ഡോ. ജോർജ് ജേക്കബ്, ഡോ. സണ്ണി കുര്യൻ, ഡോ. ഫിറോസ് ഗഫൂർ, ഡോ. സഫറുല്ല ഖാൻ, ഡോ. നിർമല രഘുനാഥൻ, ഡോ. ജോർജ്ജ് ജോസഫ്, ഡോ. ആസിഫ് പി.എ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. സുഗു എന്നിവർ
പങ്കെടുത്തു.