ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് ഹജ്ജിനും ഉംറക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക വഴി സൗദി ഭരണകൂടം ചെയ്യുന്നത് മഹത്തായ സേവനമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിൽ ഖുർആൻ വിദ്യാർത്ഥികൾക്കുള്ള ‘സ്‌നേഹോപഹാരവും പ്രഭാഷണവും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ നാട്ടിൽ എത്രയോ നല്ല രക്തസാക്ഷികളും പ്രവാചക അനുയായികളുമൊക്കെ ജീവിച്ചു മരിച്ചു പോയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ ആരുടേയും ജാറങ്ങൾ കെട്ടിപ്പൊക്കാതെ അതിന്റെ യഥാർത്ഥ ഇസ്‌ലാമിക തനിമയിൽ നിലനിർത്താൻ ഇവിടുത്തെ ഭരണകൂടം ശ്രദ്ധാലുക്കളാണ്. നമ്മുടെ നാട്ടിലെ വഖഫ് സ്വത്തുക്കളെല്ലാം അതിന്റെ പൂർവ്വികർ ഉദ്ദേശിച്ച രൂപത്തിൽ തന്നെ നടന്നുപോകാനുള്ള ശ്രമങ്ങളുണ്ടാകാണമെന്നും ഇന്ന് ലോകത്ത് പീഡനമനുഭവിക്കുന്ന ഫലസ്തീനികളടക്കമുള്ള മുഴുവൻ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഉണർത്തി.
'അഹ്‌സൻ' എന്ന വിഷയത്തിൽ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത് പ്രഭാഷണം നടത്തി. ഏറ്റവും നല്ല പ്രവൃത്തി സ്രഷ്ടാവിലേക്ക് ക്ഷണിക്കലും സൽക്കർമ്മങ്ങൾ പ്രവർത്തിക്കലും തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കലുമാണെന്ന് യാസർ അറഫാത്ത് ഓർമ്മിപ്പിച്ചു. ഇന്ന് നമ്മുടെ നാട്ടിലെ വലിയ തിന്മയായ ലഹരിക്കെതിരെ നാം ശക്തമായി പോരാടണമെന്നും അത്തരം പ്രവർത്തനങ്ങളിൽ മുജാഹിദ് പ്രസ്ഥാനം മുന്നിലുണ്ടാകണമെന്നും പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂർ, കെ.എൻ.എം കോഴിക്കോട് സൗത്ത് ഭരണസമിതി അംഗം ടി.പി അബൂബക്കർ സംസാരിച്ചു.
ജിദ്ദയിലെ വിവിധ ഖുർആൻ പാരായണ മത്സരങ്ങളിൽ വിജയികളാവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഇസ്‌ലാഹീ സെന്ററിലെ ‘തഹ്ഫീദുൽ ഖുർആൻ’ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കുള്ള മെമെന്റോകളും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
നദീം നൂരിഷ (ഫസ്റ്റ് തനിമ ജിദ്ദ, തേർഡ് ഡോക്ടർ അബ്ദുൽ ഷക്കീൽ ചാരിറ്റബിൾ ട്രസ്റ്റ്), ആസിം ആശിഖ് (സെക്കന്റ് അനാകിഷ് ഏരിയ കെ.എം.സി.സി), മുഹമ്മദ് ഷീസ് (തേർഡ് അനാകിഷ് ഏരിയ കെ.എം.സി.സി), ആയിഷ ഷാഫി (ഫസ്റ്റ് തനിമ ജിദ്ദ), നഷ ഹനൂൻ (സെക്കന്റ് തനിമ ജിദ്ദ, സെക്കന്റ് അനാകിഷ് ഏരിയ കെ.എം.സി.സി), റെന ഫാത്തിമ (തേർഡ് അനാകിഷ് ഏരിയ കെ.എം.സി.സി), ആയിഷ അഷ്‌റഫ് (തേർഡ് ഡോക്ടർ അബ്ദുൽ ഷക്കീൽ ചാരിറ്റബിൾ ട്രസ്റ്റ്) എന്നിവർ വിവിധ സമ്മാനങ്ങൾക്ക് സമ്മാനർഹരായി.
അനാകിഷ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച മത്സരത്തിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമാൻ ആശിഖ്, അബ്ദുള്ള അഷ്‌റഫ്, മുഹമ്മദ് അമീൻ ഷാഫി, അമീന ആശിഖ്, ജാസ്മിൻ ബി എന്നിവർക്കും ഡോക്ടർ അബ്ദുൽ ഷക്കീൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല മുനീർ എന്ന വിദ്യാർത്ഥിക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.