ജിദ്ദ– ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് സൗദി പ്രവിശ്യാ ഗവർണർമാരും. ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ എന്നിവർ രക്തദാനം ചെയ്തു. രക്തദാന കാമ്പയിനിൽ പങ്കെടുക്കാൻ ഗവർണർ പ്രദേശവാസികളോട് ആഹ്വാനം ചെയ്തു.
രക്തദാന കാമ്പയിനിൽ പങ്കാളിത്തം വഹിച്ച് രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരാൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമുള്ള 185 അംഗീകൃത ബ്ലഡ് ഡൊണേഷൻ സെന്ററുകളിൽ നേരിട്ട് എത്തി എല്ലാവർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. സിഹത്തീ ആപ്പ് വഴി ബുക്ക് ചെയ്തും എളുപ്പത്തിൽ രക്തം ദാനം ചെയ്യാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.